ബ്രിട്ടനിൽ കണ്ടെത്തിയ അപകടകാരിയായ കൊറോണ വൈറസ് വ്യാപിക്കുന്നു; അതിർത്തികളടച്ച് കൂടുതൽ രാജ്യങ്ങൾ
ലോകാരോഗ്യ സംഘടനയിൽ കൊറോണ വൈറസിന്റെ സാന്നിധ്യം ചൈന റിപോർട്ട് ചെയ്തതിന്റെ ഒന്നാം വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അതിവേഗം പടരുന്ന വൈറസിന്റെ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയത്.
വൈറസ് വകഭേദം കണ്ടെത്തിയ ലണ്ടനിലും തെക്കുകിഴക്കൻ ഇംഗ്ലണ്ടിലും ആളുകൾ പുറത്തിറങ്ങുന്നത് വിലക്കിയിട്ടുണ്ട്. ബ്രിട്ടനിൽ നിന്നുള്ള വിമാനസർവീസുകൾ ബെൽജിയം, നെതർലൻഡ്സ്, ഇറ്റലി, ജർമനി, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ റദ്ദാക്കി. കര-വ്യോമ-നാവിക അതിർത്തികൾ അടച്ചതായി സൗദിഅറേബ്യയും അറിയിച്ചു. നിലവിലുള്ളതിനേക്കാൾ 70 ശതമാനം കൂടുതൽ വ്യാപനനിരക്കുള്ളതും കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുള്ളതുമാണ് പുതിയ വൈറസ്.
ലോകത്താകെ 7.7 കോടിയിലേറെ പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ഇതിൽ 17 ലക്ഷത്തോളം പേർ മരണപ്പെടുകയും ചെയ്തു. യുഎസിൽ 1.8 കോടി പേർക്കും ഇന്ത്യയിൽ ഒരു കോടിയിലധികം പേർക്കും വൈറസ് ബാധിക്കുകയുണ്ടായി. യഥാക്രമം 3.24 ലക്ഷവും 1.45 ലക്ഷവുമാണ് ഈ രാജ്യങ്ങളിൽ കൊറോണ ബാധിച്ചുണ്ടായ മരണങ്ങൾ. ബ്രിട്ടനിൽ 20.4 ലക്ഷം പേർക്ക് വൈറസ് ബാധിച്ചപ്പോൾ 67401 പേർ മരണപ്പെട്ടു.