Headlines
Loading...
സ്വപ്‌നയെയും സരിത്തിനെയും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് അനുമതി

സ്വപ്‌നയെയും സരിത്തിനെയും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് അനുമതി

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി. ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം പാടില്ലെന്ന ഇ ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു.


മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയത്. രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് വരെ ചോദ്യം ചെയ്യാം. ജയില്‍ സൂപ്രണ്ടിന്റെ അസാന്നിധ്യത്തിലും ചോദ്യം ചെയ്യാമെന്ന് കോടതി. പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്ന് കോടതിയുടെ നിര്‍ദേശം.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യലില്‍ അവ്യക്തത തുടരുകയാണ്. ഇപ്പോള്‍ കടുത്ത നടപടിയിലേക്ക് കടക്കേണ്ടെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശം. സ്വപ്നയെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്ത ശേഷം രവീന്ദ്രന് നോട്ടീസ് നല്‍കുന്നതിനെ കുറിച്ചാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.

തുടര്‍ച്ചയായ മൂന്നാം തവണയും ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറിയതോടെ സി എം രവീന്ദ്രന് കുരുക്ക് കൂടുതല്‍ മുറുക്കാനാണ് ഇ ഡിയുടെ നീക്കം. രവീന്ദ്രനെ കസ്റ്റഡിയിലെടുക്കുന്നതടക്കമുള്ള കടുത്ത നടപടികള്‍ തത്കാലം ഉണ്ടാകില്ല.

രവീന്ദ്രനെതിരെ മൊഴി നല്‍കിയ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി ഇഡി സമര്‍പ്പിച്ച അപേക്ഷയാണ് കോടതി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച സ്വപ്നയെ ചോദ്യം ചെയ്യും. ഇതിലൂടെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ പരമാവധി തെളിവ് ശേഖരിച്ച ശേഷം നോട്ടീസ് നല്‍കലാണ് ഇഡി ലക്ഷ്യമിടുന്നത്.