🔳നിബന്ധനകള്‍ മുന്നോട്ടുവെച്ചുകൊണ്ട് ചര്‍ച്ച ചെയ്യാമെന്ന വാഗ്ദാനം കര്‍ഷകരോടുള്ള അവഹേളനമാണെന്ന് സമരരംഗത്തുള്ള കര്‍ഷകര്‍. സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് ബുറാഡിയിലേയ്ക്ക് പോകില്ലെന്നും നഗരത്തിന്റെ പ്രവേശനകവാടങ്ങള്‍ അടച്ച് ഡല്‍ഹിയിലെ സമരം ശക്തമാക്കുമെന്നും കര്‍ഷ സംഘടനാ നേതാക്കള്‍.
🔳കര്‍ഷകരോട് ബുറാഡിയിലേക്ക് സമരം മാറ്റാന്‍ അഭ്യര്‍ഥനയുമായി വീണ്ടും കേന്ദ്രസര്‍ക്കാര്‍. സമരക്കാര്‍ ഇവിടേക്ക് മാറുകയാണെങ്കില്‍ അടുത്ത ദിവസംതന്നെ സമരക്കാര്‍ക്ക് മന്ത്രിമാരുടെ ഉന്നത തല സംഘവുമായി കൂടിക്കാഴ്ച നടത്താമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല.
🔳രാജ്യതലസ്ഥാനത്ത് തുടരുന്ന കര്‍ഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കര്‍ഷകരുടെ 'ഡല്‍ഹി ചലോ' പ്രതിഷേധ മാര്‍ച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ ഉള്ളതാണെന്ന് ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞതിനോട് വിയോജിച്ചുകൊണ്ടാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
🔳കര്‍ഷകര്‍ക്ക് പിന്തുണയുമായി സുപ്രീം കോടതിയിലെ ഒരുവിഭാഗം അഭിഭാഷകര്‍ രംഗത്ത്. ഡല്‍ഹി ബാര്‍ കൗണ്‍സില്‍ അംഗം രാജീവ് ഖോസ്ല, മുതിര്‍ന്ന അഭിഭാഷകന്‍ എച്ച്.എസ് ഫൂല്‍ക്ക എന്നിവരുടെ നേതൃത്വത്തില്‍ അഭിഭാഷകര്‍ സുപ്രീം കോടതിക്ക് പുറത്ത് സംഘടിച്ച് കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
🔳സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ടിന് ഇടുക്കി ജില്ലയില്‍ കാലാവസ്ഥാവകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 204.5 എം.എമ്മില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍.
🔳കെ.എസ്.എഫ് ഇയില്‍ റെയ്ഡിന് അനുമതി നല്‍കുകയും വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തേക്കും. ഇതിന്റെ ഭാഗമായി റെയ്ഡും അനന്തര നടപടികളും സംബന്ധിച്ച് സര്‍ക്കാര്‍ വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
🔳കെ.എസ്.എഫ്.ഇയെ കുറിച്ച് മാധ്യമങ്ങളില്‍ നിന്നോ പൊതുജനങ്ങളില്‍നിന്നോ പരാതി വന്നിട്ടില്ല. ആ പശ്ചാത്തലത്തില്‍ നാല്‍പ്പതോളം ബ്രാഞ്ചുകളില്‍ ഒറ്റയടിക്ക് ഒരു സുപ്രഭാതത്തില്‍ റെയ്ഡ് നടത്തിയതിന് അവരെ പ്രേരിപ്പിച്ച ഘടകമേത്. ആ ഘടകമേതെന്ന് വിജിലന്‍സാണ് വിശദീകരിക്കേണ്ടതെന്ന് ആനത്തലവട്ടം ആനന്ദന്‍.
🔳വിജിലന്‍സിലും ഞങ്ങളുടെ ആളുകളാണെന്നാണ് പറയുന്നതെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ചിട്ട് മൂന്നു മാസത്തേക്ക് ആ കസേര തന്നെ ഏല്‍പ്പിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ബിജെപിക്കാരെ സഹായിക്കാനാണ് വിജിലന്‍സിലെ ചിലര്‍ കെഎസ്എഫ്ഇ റെയ്ഡ് നടത്തിയതെന്ന ആരോപണം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
🔳സംസ്ഥാനത്തെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് ധനകാര്യമന്ത്രി നിശിതമായാണ് വിമര്‍ശിക്കുന്നത്. വിജിലന്‍സ് മുഖ്യമന്ത്രിയുടെ വകുപ്പാണ്. അതിനര്‍ഥം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നാണെന്ന് മുരളീധരന്‍.
🔳സംസ്ഥാനത്ത് ഇന്നലെ 49,775 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5643 പേര്‍ക്ക് കോവിഡ്-19. 27 മരണമാണ് ഇന്നലെ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2223 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4951 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 571 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5861 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,589 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍: കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂര്‍ 277, ഇടുക്കി 274, പത്തനംതിട്ട 244, വയനാട് 147, കാസര്‍കോട് 122.
🔳കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ജമീല ബീവി (68), കൂവളശേരി സ്വദേശി തങ്കപ്പന്‍ നായര്‍ (81), ആലപ്പുഴ എടത്വ സ്വദേശി കൃഷ്ണന്‍ ദാമോദരന്‍ (76), ചേര്‍ത്തല സ്വദേശി പത്ഭനാഭന്‍ (72), ഹരിപ്പാട് സ്വദേശി സുധാകരന്‍ (64), കോട്ടയം ഈരാട്ടുപേട്ട സ്വദേശി നൗഷാദ് (51), മീനച്ചില്‍ സ്വദേശിനി നൂര്‍ജഹാന്‍ (47), പുത്തന്‍പുരം സ്വദേശിനി മിനി (48), കോട്ടയം സ്വദേശി കെ.എന്‍. ചെല്ലപ്പന്‍ (70), ശ്രീകണ്ഠമംഗലം സ്വദേശിനി റോസമ്മ (76), എറണാകുളം വാഴക്കുളം സ്വദേശിനി പാറുകുട്ടി (65), പള്ളുരുത്തി സ്വദേശിനി മറിയാമ്മ (68), കോതമംഗലം സ്വദേശി രാമകൃഷ്ണന്‍ (67), കൊമ്പനാട് സ്വദേശി കെ.ആര്‍. സോമന്‍ (55), തൃശൂര്‍ കുന്നമംഗലം സ്വദേശിനി കൊച്ചന്നം (73), നെന്മാനിക്കര സ്വദേശിനി ഷെനോസ് ലിജു (38), മുല്ലൂര്‍ക്കര സ്വദേശി മുഹമ്മദ് കുട്ടി (69), ചാവക്കാട് സ്വദേശിനി നഫീസ (70), പൂങ്കുന്നം സ്വദേശിനി ലക്ഷ്മിയമ്മാള്‍ (86), വരവൂര്‍ സ്വദേശിനി ബീവി (62), മലപ്പുറം ഇടരിക്കോട് സ്വദേശി മമ്മു (62), എടപ്പാള്‍ സ്വദേശി അബൂബക്കര്‍ (80), കാടമ്പുഴ സ്വദേശിനി അയിഷ (62), കോഴിക്കോട് കറുവിശേരി സ്വദേശി എം.സി. ബോസ് (81), കുറ്റ്യാടി സ്വദേശിനി പി.സി. സാറ (61), വയനാട് മുട്ടില്‍ സ്വദേശി കുഞ്ഞാലി (75)
🔳സംസ്ഥാനത്ത് ഇന്നലെ 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി്. ഇതോടെ സംസ്ഥാനത്ത് ആകെ 524 ഹോട്ട് സ്‌പോട്ടുകള്‍.
🔳ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. ക്ഷേത്ര ദര്‍ശനത്തിന് ഭക്തജനങ്ങളെ ഡിസംബര്‍ ഒന്നുമുതല്‍ അനുവദിക്കുമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍.
🔳കേരളവര്‍മ്മ കോളേജില്‍ ഭാര്യ ഡോ.ആര്‍.ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പല്‍ ആയി നിയമിച്ച സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാര്യത്തില്‍ ഒന്നും പറയാനില്ല. നാട്ടില്‍ എല്ലാത്തിനും നിയമം ഉണ്ട്. അതു പ്രകാരം ആണ് കാര്യങ്ങള്‍ നടക്കുന്നതെന്നും വിജയരാഘവന്‍.
🔳രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനിമുതല്‍ പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്ക് പകരം മണ്‍പാത്രത്തില്‍ ചായ. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചതാണ് ഇക്കാര്യം. പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നീക്കമെന്നും മന്ത്രി അറിയിച്ചു.
🔳ഗ്രേറ്റര്‍ ഹൈദാരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കും പിന്നാലെ പ്രചാരണം നയിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എത്തി. ഒറ്റത്തവണ അവസരം തന്നാല്‍ നഗരത്തില്‍ മാറ്റം വരുത്താന്‍ ബിജെപിക്ക് കഴിയുമെന്നും കുടുംബാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കും അഴിമതിയില്‍ നിന്ന് സുതാര്യതയിലേക്കും നയിക്കുമെന്നും അമിത് ഷാ വാഗ്ദാനം ചെയ്തു.
🔳പാകിസ്ഥാനുമായി ചര്‍ച്ചയെന്ന ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി. ചൈനയുമായി ഒന്‍പതും, പത്തും തവണ ചര്‍ച്ച നടത്തി കഴിഞ്ഞു. പാകിസ്ഥാന്‍ മുസ്ലീം രാജ്യമായതുകൊണ്ട് ചര്‍ച്ച പാടില്ലേയെന്നും എല്ലാം വര്‍ഗീയമായാണോ കാണുന്നതെന്നും മെഹ്ബൂബ മുഫ്തി ചോദിച്ചു.
🔳സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനിടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടുവെന്നാരോപിച്ച ചെന്നൈ സ്വദേശിയായ നാല്‍പതുകാരനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്. നേരത്തെ ഇദ്ദേഹം അഞ്ച് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു.
🔳ഇന്ത്യയില്‍ ഇന്നലെ 39,036 കോവിഡ് രോഗികള്‍. മരണം 444. ഇതോടെ ആകെ മരണം 1,37,177 ആയി, ഇതുവരെ 94.32 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.46 ലക്ഷം രോഗികള്‍. 88.46 ലക്ഷം പേര്‍ രോഗമുക്തി നേടി.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 5,544 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 4,906 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,367 പേര്‍ക്കും കര്‍ണാടകയില്‍ 1,291 പേര്‍ക്കും ആന്ധ്രയില്‍ 620 പേര്‍ക്കും തമിഴ്നാട്ടില്‍ 1,459 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ 4,91,613 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,31,273 പേര്‍ക്കും ബ്രസീലില്‍ 24,468 പേര്‍ക്കും തുര്‍ക്കിയില്‍ 29,281 പേര്‍ക്കും റഷ്യയില്‍ 26,683 പേര്‍ക്കും ഇറ്റലിയില്‍ 20,648 പേര്‍ക്കും രോഗം ബാധിച്ചു. 7,197 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 800 പേരും ഇറ്റലിയില്‍ 514 പേരും മെക്സിക്കോയില്‍ 586 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 6.30 കോടി കോവിഡ് രോഗികളും 14.64 ലക്ഷം മരണവും സ്ഥിരീകരിച്ചു.
🔳അഫ്ഗാനിസ്ഥില്‍ വിവിധയിടങ്ങളിലായി നടന്ന രണ്ട് ചാവേര്‍ ആക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. സൈനിക കേന്ദ്രത്തെയും പ്രവിശ്യ തലവനെയും ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിലാണ് 31 സൈനികരടക്കം 34 പേര്‍ മരിച്ചത്.
🔳ഇസ്ലാമിക രാജ്യങ്ങളുടെ ആഗോള സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പാകിസ്ഥാന് തിരിച്ചടി. ജമ്മു കശ്മീര്‍ വിഷയം പ്രത്യേകം ചര്‍ച്ചയ്ക്ക് എടുക്കണമെന്ന പാകിസ്ഥാന്‍ ആവശ്യമാണ് സംഘടനയിലെ അംഗരാജ്യങ്ങള്‍ അംഗീകരിക്കാഞ്ഞത്. ഇതിനൊപ്പം തന്നെ ഈ വിഷയത്തില്‍ പ്രത്യേക അനുബന്ധ യോഗം നടത്താനുള്ള പാക് നീക്കവും പരാജയപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
🔳ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വിയുടെ വീട്ടിലും ആശുപത്രിയിലും പോലീസ് പരിശോധന നടത്തി. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
🔳ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 51 റണ്‍സിന് തകര്‍ത്തതാണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 390 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയും കെ.എല്‍ രാഹുലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശം നിറഞ്ഞ മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സി.യെ സമനിലയില്‍ കുരുക്കി ഒഡിഷ എഫ്.സി. ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി. പകരക്കാരനായി ഇറങ്ങി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഒഡീഷയുടെ മൗറീഷിയോ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.
🔳ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ സമനിലയുമായി കേരളാ ബ്ലാസ്റ്റേഴ്സ്. ആവേശം നിറഞ്ഞ മത്സരത്തില്‍ ഗോള്‍ നേടാനാവാതെ ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞു. ചെന്നൈക്ക് ലഭിച്ച പെനാല്‍റ്റി രക്ഷപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസ് ആണ് മഞ്ഞപ്പടയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.
🔳പാക് ക്രിക്കറ്റ് താരം ബാബര്‍ അസം വിവാഹ വാഗ്ദാനം നല്‍കി പത്ത് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി രംഗത്ത്. ഗര്‍ഭിണിയായി എന്നറിഞ്ഞതോടെ ബാബര്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നും യുവതി.
🔳സെനഗലിന്റെ ഫുട്ബോള്‍ ഇതിഹാസ താരം പാപ്പ ബൂപ്പ ദിയൂപ്പ് അന്തരിച്ചു. 2002ലെ ഫുട്ബോള്‍ ലോകകപ്പില്‍ അന്നത്തെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ആദ്യ മത്സരത്തില്‍ അട്ടിമറിച്ച സെനഗല്‍ ടീമിന്റെ വിജയഗോള്‍ നേടിയത് പാപ്പ ബൂപ്പ ദിയൂപ്പായിരുന്നു. 42 വയസായിരുന്നു ഇദ്ദേഹം ദീര്‍ഘനാളായി രോഗബാധിതനായിരുന്നു.
🔳വിവോ വി20 പ്രോ സ്മാര്‍ട്ഫോണ്‍ ഡിസംബര്‍ രണ്ടിന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ വിവോ വി20 പ്രോയ്ക്ക് 29,990 രൂപ വിലയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ സൈറ്റുകളിലും രാജ്യത്തുടനീളമുള്ള റീട്ടെയില്‍ സ്റ്റോറുകളിലും ഫോണ്‍ വില്‍പനയ്ക്കെത്തും. ഇന്ത്യയിലെ ഏറ്റവും കനം കുറഞ്ഞ 5ജി ഫോണായിരിക്കും വിവോ വി20 എന്ന് കമ്പനി അവകാശപ്പെടുന്നു.
🔳പുതിയ 4ജി ഉപയോക്താക്കള്‍ക്കായി സൗജന്യ ഡാറ്റാ കൂപ്പണ്‍ വാഗ്ദാനം ചെയ്ത് ഭാരതി എയര്‍ടെല്‍. പുതിയ എയര്‍ടെല്‍ 4ജി ഉപയോക്താക്കള്‍ക്ക് അഞ്ച് ജിബി ഡാറ്റയാണ് സൗജന്യമായി നല്‍കുക. പുതിയ 4ജി ഉപയോക്താക്കള്‍ എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോഴാണ് ഈ 5ജിബി ഡാറ്റ ലഭിക്കുക. ഒരു
ഒരു ജിബിയുടെ കൂപ്പണുകളായാണ് ഇത് ലഭിക്കുക.
🔳പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്. 'കുരുതി' എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ആണ് താരം പുറത്തുവിട്ടിരിക്കുന്നത്. 'കൊല്ലും എന്ന വാക്ക്...കാക്കും എന്ന പ്രതിജ്ഞ' എന്ന ടാഗ് ലൈനോടെയാണ് ചിത്രം ഒരുങ്ങുന്നത്. പൃഥ്വിരാജിനൊപ്പം മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നസ്ലിന്‍, സാഗര്‍ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരും ചിത്രത്തില്‍ വേഷമിടും. മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനീഷ് പള്ള്യാല്‍ ആണ് തിരക്കഥ ഒരുക്കുന്നത്.
🔳സണ്ണി ലിയോണിനൊപ്പം നിഷാന്ത് സാഗര്‍ ഒരു പ്രധാന കഥാപാത്രത്തെ ഇംഗ്ലീഷ് ചിത്രം 'പൈറേറ്റ്സ് ബ്ലഡ്' അവസാനം പ്രേക്ഷകരിലേക്ക്. ചിത്രത്തിന്റെ ഡിവിഡി ആദ്യമായി പുറത്തെത്തിയിരിക്കുകയാണ്. റെട്രോസ്പ്ലോയ്റ്റേഷന്‍ എന്ന കമ്പനിയാണ് 12 വര്‍ഷമായി വെളിച്ചം കാണാതിരുന്ന ചിത്രത്തിന്റെ ഡിവിഡി തങ്ങള്‍ പുറത്തിറക്കിയിരിക്കുന്നതായി അറിയിച്ചിരിക്കുന്നത്. മാര്‍ക് റാറ്ററിംഗ് എന്ന അമേരിക്കന്‍ സംവിധായകനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിഷാന്ത് സാഗര്‍ ആയിരുന്നു നായകന്‍. പോണ്‍ രംഗത്ത് അറിയപ്പെടുന്ന താരമാകുന്നതിന് മുന്‍പ് സണ്ണി ലിയോണ്‍ അഭിനയിച്ച ചിത്രമാണ് ഇത്.
🔳ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ ആദ്യത്തെ ഉല്‍പ്പന്നമായ 450 ഇലക്ട്രിക് സ്‌കൂട്ടറിനോട് വിടപറയാന്‍ തീരുമാനിച്ചതായി ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആതര്‍ എനര്‍ജി. 2018 ല്‍ വിപണിയിലെത്തിയ 450 ന്റെ നിര്‍മ്മാണം കമ്പനി അവസാനിപ്പിക്കുന്നു. ആതറിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറാണ് ഏഥര്‍ 450. ഹീറോ മോട്ടോകോര്‍പ്പും ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റും പിന്തുണയ്ക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ആതര്‍ എനര്‍ജി.
🔳പഥേര്‍പാഞ്ചാലിയുടെ തുടര്‍ച്ചയാണ് അപരാജിതന്‍. ഭാവിയെക്കുറിച്ചുള്ള ആര്യോഗ്യകരമായ ഒരു ദര്‍ശനം പഥേര്‍പാഞ്ചാലി നല്‍കുന്നു. അപരാജിതനില്‍ ഈ ദര്‍ശനം കുറേക്കുടി കരുത്തും കാന്തിയും ആര്‍ജ്ജിക്കുന്നു. ഗ്രാമത്തില്‍, അപുവിന്റെ സ്‌കൂള്‍ ദിനങ്ങളിലൂടെയാണ് അപരാജിതനിലെ കഥ വളരുന്നത്. ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമേ നിരവധി യൂറോപ്യന്‍ ഭാഷകളില്‍ ബിഭൂതിഭൂഷന്റെ നോവലുകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പല സര്‍വ്വകലാശാലകളിലും ഈ നോവല്‍ പഠിപ്പിച്ചുവരുന്നു. അപരാജിതന്‍. വിവര്‍ത്തനം: ലീല സര്‍ക്കാര്‍. ഗ്രീന്‍ ബുക്സ്. വില 230 രൂപ.
🔳കോവിഡ്19 എന്ന മാരക രോഗത്തെ കുറിച്ചുള്ള അവബോധമില്ലായ്മയ്ക്ക് നാം വലിയ വില കൊടുക്കേണ്ടി വരുമെന്ന് ആരോഗ്യ വിദഗ്ധര്‍. ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ഹോസ്പിറ്റലിലേക്ക് അടുത്തിടെ ചികിത്സയ്‌ക്കെത്തുന്ന നിരവധി രോഗികളുടെ ആരോഗ്യ നിലയാണ് ഇത്തരമൊരു മുന്നറിയിപ്പിനു കാരണം. കോവിഡ് ലക്ഷണങ്ങള്‍ ആദ്യമുണ്ടായപ്പോള്‍ അവ അവഗണിച്ച് പരിശോധനയ്ക്ക് പോകാതിരുന്ന നിരവധി രോഗികളാണ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുമായി ഇപ്പോള്‍ എത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഉയര്‍ന്ന പനി, കടുത്ത ശരീര, പേശി വേദന, പക്ഷാഘാതം, കാലിലെ ത്രോംബോസിസ്, ശ്വാസകോശത്തിലെ ഫൈബ്രോസിസ്, ഹൃദയരോഗങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങളുമായാണ് പല രോഗികളും എത്തുന്നത്. ഇവരില്‍ പലരും തങ്ങളുടെ രോഗലക്ഷണങ്ങള്‍ തീവ്രമല്ലെന്ന കാരണം പറഞ്ഞ് നേരത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയമാകാത്തവരാണ്. ആശുപത്രിയില്‍ പല വിധ പ്രശ്‌നങ്ങളുമായി എത്തി ആന്റിബോഡി പരിശോധന നടത്തിയപ്പോള്‍ ഇവരില്‍ എല്ലാവര്‍ക്കും കോവിഡ് മുന്‍പ് വന്നിട്ടുണ്ടെന്ന് തെളിഞ്ഞു. തുടക്കത്തില്‍തന്നെ പരിശോധിച്ച് ആവശ്യമായ ചികിത്സ തേടിയിരുന്നെങ്കില്‍ ഇത്തരത്തിലുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. പനി, വരണ്ട ചുമ, ക്ഷീണം, ശരീര വേദന, പേശി വേദന, തൊണ്ട വേദന, അതിസാരം, കണ്ണുദീനം, തലവേദന, മണവും രുചിയും നഷ്ടമാകല്‍, തിണര്‍പ്പ്, വിരലുകളുടെ നിറം മാറ്റം എന്നിവയെല്ലാം കോവിഡിന്റെ പൊതുവായ ലക്ഷണങ്ങളാണ്.