kerala
റെയില്‍വേ മേല്‍പാലത്തില്‍ നിന്നു പാളത്തിലേക്കു ചാടി; തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ അതിഥി തൊഴിലാളി ആശുപത്രിയില്‍
ആലുവ: ( 29.11.2020) റെയില്‍വേ മേല്‍പാലത്തില്‍ നിന്നു പാളത്തിലേക്കു ചാടി, തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ അതിഥി തൊഴിലാളി ആശുപത്രിയില്‍. ആലുവ ടൗണ്‍ ജുമാമസ്ജിദിനു സമീപമാണ് സംഭവം. ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ് ഇയാള്‍. ബംഗാള്‍ സ്വദേശിയാണെന്നു കരുതുന്നു. കൂടുതലൊന്നും സംസാരിക്കുന്നില്ലെന്നു പൊലീസ് പറഞ്ഞു.
തലയ്ക്കു പരിക്കേറ്റ നിലയില്‍ ഉച്ചയ്ക്കു ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഇയാള്‍ ചികിത്സയ്ക്കായി എത്തിയിരുന്നു. തുടര്‍ന്ന് മുറിവില്‍ തുന്നലിട്ട ശേഷം റോഡിലേക്ക് ഇറങ്ങിയപ്പോള്‍ കെഎസ്‌ആര്‍ടിസി ബസിന്റെ മുന്നിലേക്കു ചാടി. ഡ്രൈവര്‍ പെട്ടെന്നു ബ്രേക്കിട്ടതിനാല്‍ ഇടിച്ചില്ല.
പിന്നീടാണു പാലത്തില്‍ നിന്നു താഴേക്കു ചാടിയത്. പാളത്തിനു കുറുകെ ഒരാള്‍ കിടക്കുന്നതു കണ്ടു നാട്ടുകാരാണു പൊലീസില്‍ വിവരം അറിയിച്ചത്. കാരോത്തുകുഴി ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.