കണ്ണൂർ പഴയങ്ങാടി മാടായി കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് ശേഖരം എക്‌സൈസ് പിടികൂടി. പഴയങ്ങാടി ബീവി റോഡിന് സമീപത്തെ എസ്പി ജംഷിദ് എന്നയാളുടെ വീട്ടിൽ നിന്നാണ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. വിപണിയിൽ ലക്ഷങ്ങൾ മൂല്യമുള്ളതും 10 മുതൽ 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്നതുമായ അതിമാരക മയക്കുമരുന്നുകളാണ് കണ്ടെത്തിയത്. 45.39 ഗ്രാം എംഡിഎംഎ (മെതലിൻ ഡയോക്‌സി മെത്ത് ആംഫിറ്റാമിൻ ) 42.28 ഗ്രാം ചരസ്സ്, 20 ഗ്രാം കഞ്ചാവ്,10.55 ഗ്രാം കൊക്കൈൻ എന്ന് സംശയിക്കുന്ന മാരക മയക്കുമരുന്ന് എന്നിവയാണ് പിടികൂടിയത്.
ക്രിസ്തുമസ്- പുതുവത്സരത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ നടത്തുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അൻസാരി ബീഗു അറിയിച്ചു. കണ്ണൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുജിത്തിന്റെയും തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ദിലീപിന്റെയും നേതൃത്വത്തിൽ എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വഡിലെ അംഗങ്ങളായ തളിപറമ്പ് എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ്, സിവിൽ എക്‌സൈസ് ഓഫീസർ രജിരാഗ് എന്നിവരുടെ വളരെ നാളത്തെ പ്രയത്‌നത്തിന്റെ ഫലമായാണ് ഇവ കണ്ടെത്താനായത്. പ്രിവന്റീവ് ഓഫീസർ വി.സി ഉണ്ണികൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എച്ച് റിഷാദ്, ഗണേഷ് ബാബു, ശ്യം രാജ്, വനിത സി.ഇ.ഒ ഷൈന എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു