Headlines
Loading...
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചെലവാകുക ലക്ഷങ്ങൾ, പക്ഷേ നിയമപ്രകാരം ചെലവഴിക്കാവുന്നത് 25000 രൂപ മാത്രം

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചെലവാകുക ലക്ഷങ്ങൾ, പക്ഷേ നിയമപ്രകാരം ചെലവഴിക്കാവുന്നത് 25000 രൂപ മാത്രം

കാലം മാറുന്നത് അനുസരിച്ചു തെരഞ്ഞെടുപ്പിലെ ചെലവും കൂടും. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡം അനുസരിച്ച ചെലവ് ചുരുക്കാനുള്ള തന്ത്രപ്പാടിലാണ് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും. കൊവിഡ് കാലത്ത് പതിവ്‌ ചെലവിനു പുറമേ ഡിജിറ്റൽ മീഡിയയുടെ അധികഭാരവും പേറേണ്ട ​ഗതികേടിലാണ് സ്ഥാനാർത്ഥികള്‍.

പണത്തിന്റെ അമിത സ്വാധീനം ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രചാരണ ചെലവിന് പരിധി വച്ചത്. പക്ഷേ വോട്ട് വീഴണമെങ്കിൽ പണമിറക്കണം. ഫ്ലക്ക്സ് ബോർഡുകള്‍, ചുമരെഴുത്തുകള്‍, പോസ്റ്റർ, വാഹനപ്രചാരണം പ്രവർത്തകർക്കുള്ള ചായ, കാപ്പി എന്നീ ചിലവുകളെല്ലാം സ്ഥാനാർത്ഥിയുടെ ചുമലിലാണ്. ഇതിനു പുറമേയാണ് ഡിജിറ്റല്‍ മീഡിയ ചിലവിന്‍റെ അധിക ബാധ്യത.

ഭക്ഷണ ചെലവ് കുറയ്ക്കാൻ തിരക്കിനിടയില്‍ വീട്ടിലെത്തി ഭക്ഷണം കഴിച്ച് തിരിച്ച് വീണ്ടും പ്രചരണത്തില്‍ സജീവമാകുന്ന പ്രവർത്തകരും ഉണ്ടെന്ന് കോഴിക്കോട് കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച തുകയ്ക്ക് പ്രചാരണം പൂർത്തിയാക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് പ്രദേശത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിലയിരുത്തൽ.
 
തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്കു ചെലവാക്കാനുള്ള തുകയുടെ പരിധി ഇങ്ങനെ, പഞ്ചായത്ത്– 25000, ബ്ലോക്ക് പഞ്ചായത്തിനും നഗരസഭക്കും – 75000, ജില്ലാ പഞ്ചായത്തിനും കോർപറേഷനും – 1.50 ലക്ഷം രൂപ. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ലക്ഷങ്ങൾ ചിലവാകുമെങ്കിലും , ആകെ ചെലവ് 25000ൽ താഴെ എങ്ങനെ ചുരുക്കുമെന്നാണ് ചിന്ത.