തിരുത്ത് ✍ ഇന്ന് റബീഉൽ അവ്വൽ 15
🔳മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബംഗ്ലൂരുവില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പ്രതി ചേര്‍ക്കാന്‍ സാധ്യതയെന്ന് സൂചന. എന്‍സിബി ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്‌സമെന്റ് ആസ്ഥാനത്തെത്തിയതോടെയാണ് ഇത്തരത്തിലൊരു സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.
🔳ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ സിഇഒ യുവി ജോസ്, യൂണിടാക് ബില്‍ഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പന്‍ എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു വിട്ടയച്ചു. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ പത്ത് മണിക്കൂറോളം നീണ്ടു.
🔳അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള. തീരുമാനം എടുക്കുന്നത് ബിജെപി നേതാക്കളാണെന്നും അന്വേഷണ വിവരം അപ്പപ്പോള്‍ ചോര്‍ത്തുന്നുണ്ടെന്നും എസ്ആര്‍പി ആരോപിച്ചു. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയെ അപകടത്തിലാക്കുന്ന സമീപനമാണ് ഉണ്ടാകുന്നത് ഇതിനെ പറ്റി പൊതു ജനത്തെ ബോധവത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
🔳സംസ്ഥാനത്ത് ഇന്നലെ 59,999 സാമ്പിളുകളുകള്‍ പരിശോധിച്ചതില്‍ 7983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1484 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 786 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7330 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
🔳കോവിഡ് സ്ഥിരീകരച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57.
🔳കോവിഡ് മൂലം ഇന്നലെ മരണമടഞ്ഞവരുടെ വിവരങ്ങള്‍ : കൊല്ലം അഞ്ചല്‍ സ്വദേശി സോമശേഖരന്‍ പിള്ള (68), പത്തനംതിട്ട തിരുവല്ല സ്വദേശി തോമസ് ജോസഫ് (43), ആലപ്പുഴ പെരിങ്ങിലിപ്പുറം സ്വദേശി സോമന്‍ (56), ചേര്‍ത്തല സ്വദേശിനി വിലാസിനി (75), കോട്ടയം ചങ്ങനാശേരി സ്വദേശി കുട്ടപ്പന്‍ (55), കൂടല്ലൂര്‍ സ്വദേശി എം.ജി. സോമന്‍ (63), എറണാകുളം ഉദ്യോഗമണ്ഡലം സ്വദേശി ടി.ടി. വര്‍ഗീസ് (84), ആലങ്ങാട് സ്വദേശി പി.കെ. ജോസ് (75), പള്ളികവല സ്വദേശി അബ്ദുള്‍ റഹ്മാന്‍ (82), പാരാപ്പിള്ളി സ്വദേശി സി.വി. ബാബു (61), കൊച്ചി സ്വദേശി കെ.ആര്‍. പുരുഷോത്തമന്‍ (74), കാക്കനാട് സ്വദേശി ഔസേപ്പ് (80), ഈസ്റ്റ് ഒക്കല്‍ സ്വദേശി തോമസ് (67), തൃശൂര്‍ എരുമപ്പെട്ടി സ്വദേശി മോഹന്‍ (57), ചങ്ങലൂര്‍ സ്വദേശി ചാക്കോ (73), പഴഞ്ഞി സ്വദേശി റോയ് പി ഡേവിഡ് (72), ചാമക്കാല സ്വദേശി ചന്ദ്രന്‍ (73), ആനന്ദപുരം സ്വദേശി ഗോവിന്ദന്‍ (74), പേരമംഗലം സ്വദേശി പൗളി ജോസഫ് (57), പാലക്കാട് കൊടുവായൂര്‍ സ്വദേശി കൃഷ്ണന്‍ (49), കൊപ്പം സ്വദേശി വി. വിജയന്‍ (59), മലപ്പുറം വെളിയങ്കോട് സ്വദേശിനി അയിഷുമ്മ (85), കുളത്തൂര്‍ സ്വദേശി ഇബ്രാഹിം (63), കോഴിക്കോട് കക്കോടി സ്വദേശിനി പ്രഭാവതി (47), ചങ്ങരോത്ത് സ്വദേശി ബാലകൃഷ്ണന്‍ (83), താമരശേരി സ്വദേശിനി സുബൈദ (57), വയനാട് മേപ്പാടി സ്വദേശിനി കോചി (82) എന്നിവരാണ് മരണമടഞ്ഞത്.
🔳സംസ്ഥാനത്ത് ഇന്നലെ 8 പുതിയ ഹോട്ട് സ്പോട്ടുകള്‍. 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 686 ഹോട്ട് സ്പോട്ടുകള്‍.
🔳മുതിര്‍ന്ന സിപിഎം നേതാവ് എം. എം. ലോറന്‍സിന്റെ മകന്‍ എബ്രഹാം ലോറന്‍സ് ബി.ജെ.പി.യില്‍ ചേര്‍ന്നു. ബിനീഷ് കോടിയേരി വിഷയത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം വിട്ടതെന്നും സിപിഎം പ്രഖ്യാപിത ആദര്‍ശങ്ങളില്‍ നിന്നും വ്യതിചലിച്ചുവെന്നും ബിജെപിയില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് അഡ്വ.എബ്രഹാം ലോറന്‍സ് പറഞ്ഞു. ബിജെപി യുടെ ദേശീയതയില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്ന മകനെ തള്ളി മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സ്. സിപിഎമ്മിന് രാഷ്ട്രീയ അപചയം സംഭവിച്ചുവെന്ന മകന്റെ അഭിപ്രായത്തോടെ തനിക്ക് യോജിപ്പില്ലെന്നും എംഎം ലോറന്‍സ്.
🔳സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനങ്ങള്‍ സ്വര്‍ണ്ണക്കടത്തിന് ദുരുപയോഗം ചെയ്‌തെന്ന കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പി എ വിനുജ ആനന്ദ്. തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്നും സുരേന്ദ്രന് എതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും വിനുജ ആനന്ദ് പ്രതികരിച്ചു.
🔳സെക്രട്ടേറിയേറ്റിന്റെ സുരക്ഷ പൂര്‍ണമായും സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ (എസ്.ഐ.എസ്.എഫ്) എല്‍പ്പിക്കാന്‍ തീരുമാനം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതോദ്യോഗസ്ഥ സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് സുരക്ഷാ ചുമതല വ്യവസായ സുരക്ഷാ സേനയെ ഏല്‍പ്പിക്കുന്നത്.
🔳ആറളം ഫാമില്‍ കാട്ടാന യുവാവിനെ ചവിട്ടികൊന്നു. ആറളം ഫാമിലെ ഏഴാം ബ്ലോക്ക് മേഖലയില്‍ താമസിക്കുന്ന വിബീഷ് (18) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിബീഷിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട വിബീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനം മന്ത്രി കെ രാജു.
🔳നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപെട്ട കടുവയെ ഇതുവരെ പിടികൂടാനായില്ല. വയനാട് നിന്നും സഫാരി പാര്‍ക്കില്‍ എത്തിച്ച 10 വയസ്സുള്ള കടുവ ഉച്ചയോടാണ് കൂട്ടില്‍ നിന്നും രക്ഷപെട്ടത്. ചികിത്സയ്ക്കായി പ്രത്യേകം ക്രമീകരിച്ച കൂടിന്റെ കമ്പി വളച്ച് മുകളില്‍ കയറിയായിരുന്നു കടുവ രക്ഷപെട്ടത്. വനപാലകര്‍ നടത്തിയ തെരച്ചിലിനൊടുവില്‍ വൈകിട്ടോടെ പാര്‍ക്കിന്റെ പിന്‍വശത്തായി കടുവയെ കണ്ടെത്തി. എന്നാല്‍ മയക്കുവെടി വയ്ക്കാനായി പാര്‍ക്കിലേക്ക് പോയ സംഘത്തിന് പിന്നീട് കടുവയെ കണ്ടെത്താനായില്ല. അതേസമയം ശക്തമായ കൂട് കടുവ എങ്ങനെ വളച്ചെടുത്തു എന്നത്തില്‍ വ്യക്തത ആയിട്ടില്ല.
🔳കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്‌നാട് കൃഷിമന്ത്രി ആര്‍. ദുരൈക്കണ്ണ് (72) അന്തരിച്ചു. ശനിയാഴ്ച രാത്രി മരണം.
🔳കഴിഞ്ഞ മാസം പാര്‍ലമെന്റ് അനുമതി നല്‍കിയ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളെ പ്രതിരോധിക്കാന്‍ മൂന്ന് ബില്ലുകള്‍ നിയമ സഭയിൽ അവതരിപ്പിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. പഞ്ചാബിന്റെയും ചത്തീസ്ഗഢിന്റെയും ചുവടുപിടിച്ചാണ് ഈ പുതിയ നീക്കം.
🔳തിരഞ്ഞെടുപ്പിലെ തന്റെ താര പ്രചാരക പദവി നീക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് സുപ്രീം കോടതിയെ സമീപിച്ചു.ഒരാളെ താര പ്രചാരകനായി നാമനിര്‍ദ്ദേശം ചെയ്യുന്നത് പാര്‍ട്ടിയുടെ അവകാശമാണെന്നും ഇത് അവകാശ ലംഘനമാണെന്നുമാണ് കമല്‍നാഥ് പ്രതികരിച്ചത്.
🔳ബിഹാറില്‍ സൗജന്യമായി കോവിഡ് വാക്സിന്‍ വിതരണം ചെയ്യുമെന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ചട്ട ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിഹാര്‍. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയില്‍ ബി.ജെ.പി സൗജന്യ വാക്സിന്‍ വാഗ്ദാനം ചെയ്തത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചുള്ള പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.
🔳തമിഴ്‌നാട്ടില്‍ സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നവംബര്‍ 16 മുതല്‍ തുറക്കാന്‍ അനുമതി നല്‍കി. സിനിമാ തീയേറ്ററുകള്‍ നവംബര്‍ പത്ത് മുതല്‍ തുറക്കാം. സ്‌കൂളുകളില്‍ ഒമ്പത്, 10,11,12 ക്ലാസുകള്‍ മാത്രമാവും ഉണ്ടാവുക. കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗണ്‍ നവംബര്‍ 30 വരെ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി പളനിസ്വാമിയാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.
🔳പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന തീരുമാനം സി.പി.എം. കേന്ദ്രകമ്മിറ്റി സ്വീകരിച്ചത് വോട്ടെടുപ്പോടെ. മൂന്നുപേര്‍ എതിര്‍ത്ത് വോട്ടുചെയ്തു. ഏഴുപേര്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. ബംഗാള്‍ സഖ്യത്തെ കേരള ഘടകം പൊതുവെ അനുകൂലിച്ചെങ്കിലും എളമരം കരീം, പി.കെ. ശ്രീമതി എന്നിവര്‍ എതിര്‍ത്ത് വോട്ടുചെയ്തു.
🔳ലവ് ജിഹാദ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവാഹത്തിന് വേണ്ടി മതം മാറുന്നത് അംഗീകരിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി വിശദമാക്കിയതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ മുന്നറിയിപ്പ്.
🔳കൊറോണയ്ക്ക് നവംബറില്‍ വാര്‍ഷികം. കഴിഞ്ഞവര്‍ഷം നവംബര്‍ 17 - നാണ് ചൈനയിലെ ഹൂബി പ്രവിശ്യയിലെ വുഹാനില്‍ കൊറോണവൈറസ് സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ചത്. ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്തത് ഹൂബി പ്രവിശ്യയിലെ 55-കാരനിലാണ്.
🔳രാജ്യത്ത് ഇന്നലെ 46,715 കോവിഡ് രോഗികള്‍. 467 മരണം. ഇതോടെ ആകെ മരണം 1,22,149 ആയി, ഇതുവരെ 81.82 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും രാജ്യത്ത് നിലവില്‍ 5.70 ലക്ഷം രോഗികള്‍ മാത്രമാണുള്ളത്. 74.89 ലക്ഷം പേര്‍ രോഗമുക്തി നേടി.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 5,548 പേര്‍ക്കും ഡല്‍ഹിയില്‍ 5,062 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,993 പേര്‍ക്കും കര്‍ണാടകയില്‍ 3,014 പേര്‍ക്കും ആന്ധ്രയില്‍ 2,783 പേര്‍ക്കും തമിഴ്നാട്ടില്‍ 2,511 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 4,67,414 കോവിഡ് രോഗികള്‍. മരണം 6401. ഇതോടെ 4.63 കോവിഡ് രോഗികളും 11.99 മരണവും സ്ഥിരീകരിച്ചു. അമേരിക്കയില്‍ ഇന്നലെ 84,263 രോഗവ്യാപനവും , 903 മരണവും.
🔳ഇതിഹാസ നടനും ഓസ്‌കാര്‍ ജേതാവായ ഷോണ്‍ കോണറി അന്തരിച്ചു. 90 വയസായിരുന്നു. ഷോണ്‍ കോണറിയുടെ മകന്‍ ജേസണാണ് മരണവാര്‍ത്ത അറിയിച്ചത്. ജെയിംസ് ബോണ്ട് സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ഷോണ്‍ കോണറി.
🔳ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുത്തപ്പോള്‍ 14.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ ലക്ഷ്യത്തിലെത്തി. ജയത്തോടെ മുംബൈ 18 പോയന്റുമായി പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. 47 പന്തില്‍ 72 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഇഷാന്‍ കിഷനാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഡല്‍ഹിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചാലെ ഡല്‍ഹിക്ക് ഇനി പ്ലേ ഓഫ് പ്രതീക്ഷുളളു.
🔳ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ആറ് വിക്കറ്റിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം 14.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു. 32 പന്തില്‍ 39 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.
🔳ചൈനയിലെ ഏറ്റവും സമ്പന്നനായ ജാക് മാ നേതൃത്വം നല്‍കുന്ന ആന്റ് ഗ്രൂപ്പിന്റെ പ്രാഥമിക ഓഹരി വില്‍പ്പന(ഐപിഒ)യ്ക്ക് ചരിത്ര നേട്ടം. ഐപിഒ യിലൂടെ ആന്റ് ഗ്രൂപ്പ് സമാഹരിച്ചത് മൂന്നു ലക്ഷം കോടി രൂപ. ഇന്ത്യയുടെ ജിഡിപിയേക്കാള്‍ കൂടുതല്‍ വരുമിത്. ഹോംഗ്കോംഗ്, ഷാംഗ്ഹായ് സ്റ്റോക് എക്സ്ചേഞ്ചുകളില്‍ നവംബര്‍ അഞ്ച് മുതല്‍ ആന്റ് ഗ്രൂപ്പിന്റെ ഓഹരികള്‍ ലിസ്റ്റ് ചെയ്യും. 2019 ലെ സൗദി അരാംകോയുടെ റെക്കോഡാണ് ഇതോടെ ആലിബാബയുടെ ഉടമസ്ഥതയിലുള്ള ആന്റ് മറികടന്നിരിക്കുന്നത്.
🔳റീട്ടെയില്‍ സ്വര്‍ണ്ണ വായ്പ രംഗത്ത് പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സിഎസ്ബി ബാങ്കും ബാങ്കിംഗേതര ധനകാര്യ കമ്പനിയായ ഐഐഎഫ്എല്‍ ഫിനാന്‍സും തമ്മില്‍ കരാര്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം സിഎസ്ബിക്ക് മതിയായ ശാഖകളില്ലാത്ത സ്ഥലങ്ങളില്‍ ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റായി ഐഐഎഫ്എല്‍ പ്രവര്‍ത്തിക്കുകയും പുതിയ ഇടപാടുകാരെ കണ്ടെത്തുകയും വായ്പ ലഭ്യമാക്കുകയും ചെയ്യും.
🔳ടിനി ടോം, കനിഹ, പ്രതാപ് പോത്തന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് 'പെര്‍ഫ്യൂം'. സംവിധായകന്‍ ഹരിദാസ് ഒരുക്കുന്ന ചിത്രത്തിലെ റൊമാന്റിക് ഗാനം പുറത്ത്. കെ.എസ് ചിത്രയും പി.കെ സുനില്‍ കുമാര്‍ കോഴിക്കോടും ചേര്‍ന്ന് ആലപിച്ച ''നീലവാനം താലമേന്തി'' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അഡ്വ. ശ്രീരഞ്ജിനി എഴുതിയ വരികള്‍ക്ക് രാജേഷ് ബാബു കെ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
🔳ധനുഷിനെ നായകനാക്കി കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യാനിരിക്കുന്ന തമിഴ് ചിത്രത്തില്‍ നായിക മാളവിക മോഹനന്‍. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് അറിയുന്നത്. ധനുഷ് ഒരു മാധ്യമപ്രവര്‍ത്തകനായി എത്തുമെന്നും അറിയുന്നു. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്. സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് നിര്‍മ്മാണം.
🔳മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് തങ്ങളുടെ പുതിയ ഇലക്ട്രിക് ത്രീ-വീലര്‍ കാര്‍ഗോ മോഡലായ ട്രിയോ സോര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എഫ്എഎംഇ-2, സംസ്ഥാന സബ്‌സിഡികള്‍ ഉള്‍പ്പെടെ 2.73 ലക്ഷം രൂപയാണ് വാഹനത്തിന്റെ ദില്ലി എക്‌സ്‌ഷോറൂം വില. പിക്കപ്പ്, ഡെലിവറി വാന്‍, ഫ്‌ളാറ്റ് ബെഡ് എന്നീ മൂന്ന് വേരിയന്റുകളിലാണ് ട്രിയോ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ട്രിയോ സോര്‍ എത്തുന്നത്.
🔳സാമൂഹ്യജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും ദുരന്തഭൂമികയില്‍നിന്ന് തെയ്യമായി ഉയിര്‍ക്കുന്ന മനുഷ്യരുടെ കഥകളാല്‍ നിറഞ്ഞ സാംസ്‌കാരിക ജീവിതമാണ് ഉത്തരകേരളത്തിനുള്ളത്. അവിടെനിന്നും ഉയിര്‍ക്കൊണ്ട ഒരു പെണ്‍തെയ്യം--കടാങ്കോട് മാക്കം. പുരുഷാധികാരത്തിന്റെയും കുടുംബാധികാരത്തിന്റെയും കാര്‍ക്കശ്യത്താല്‍ ദാരുണമായി കൊലചെയ്യപ്പെടുന്ന മാക്കത്തിന്റെ ജീവിതകഥ പറയുകയാണ് ഈ നോവല്‍. 'മാക്കം എന്ന പെണ്‍തെയ്യം'. അംബികാസുതന്‍ മാങ്ങോട്. ഡിസി ബുക്‌സ്. വില 120 രൂപ.
🔳നിലവില്‍ കോവിഡ് വാക്‌സിന്റെ വില സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. രണ്ട് ഡോസ് മരുന്നിന് ആഗോള തലത്തില്‍ 450 രൂപ മുതല്‍ 5500രൂപ വരെ വിലവരും എന്നാണ് നിലവിലെ സാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. എംആര്‍എന്‍എ-1273 എന്ന പേരില്‍ മൊഡേണ പുറത്തിറക്കുന്ന വാക്‌സിന്‍ ഒരു ഡോസിന് ഏകദേശം 2700 രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മരുന്ന് ഒരു ഡോസ് എടുത്ത് നിര്‍ത്തുന്നതിനേക്കാള്‍ ഫലപ്രദം രണ്ട് ഡോസ് സ്വീകരിക്കുന്നതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന ആസ്ട്രാ സെനേക്കയുടെ വാക്‌സിന്റെ രണ്ട് ഡോസിന് 700 മുതല്‍ 2000 രൂപവരെ വിലവരും. എന്നാല്‍ ഇതേക്കുറിച്ചുള്ള അന്തിമതീരുമാനം ഇനിയും ഉണ്ടായിട്ടില്ല. വാക്‌സിന്‍ ഗവേഷണത്തിനും നിര്‍മ്മാണത്തിനും വേണ്ടിവന്ന ചെലവും ട്രയല്‍ ഫലവും അടിസ്ഥാനപ്പെടുത്തിയാണ് വാക്‌സിന്റെ വില നിശ്ചയിക്കുന്നത്. കോവിഡിനെതിരെ ലോകമെമ്പാടും 170 വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നതില്‍ 50 എണ്ണം നിലവില്‍ ക്ലിനിക്കല്‍ പരിശോധന ഘട്ടത്തിലാണ്. ഇതില്‍ തന്നെ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 10 വാക്‌സിനുകള്‍ അവസാന ഘട്ട പരിശോധനയിലേക്ക് കടന്നിട്ടുണ്ട്.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ ഗ്രാമത്തിലെ മലനിരകളില്‍ ധാരാളം മരങ്ങളുണ്ടായിരുന്നു. ഗ്രാമവാസികളുടെ അറിവില്ലായ്മ മൂലം വര്‍ഷങ്ങള്‍ കൊണ്ട് ആ പ്രദേശം ഒരു മൊട്ടക്കുന്നായി മാറി. ഒരു ദിവസം കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ ഒരു മുത്തശ്ശി മലമുകളില്‍ ഇരുന്ന് ധാരാളം കുഴികള്‍ കുഴിക്കുന്നത് കണ്ടു. അപ്പോള്‍ കുട്ടികള്‍ ചോദിച്ചു: മുത്തശ്ശി, നിങ്ങള്‍ എന്തിനാണ് ഈ കുഴികള്‍ കുഴിക്കുന്നത്. മുത്തശ്ശി പറഞ്ഞു: ഞാനിവിടെ ഒരു പഴയ കാടിന് ജീവന്‍ കൊടുക്കാന്‍ ശ്രമിക്കുകയാണ്. കുട്ടികള്‍ അവരെ പരിഹസിച്ചു. കാലം കടന്നുപോയി, കുട്ടികള്‍ വലുതായി, മുത്തശ്ശി മരിച്ചു. പക്ഷേ, അപ്പോഴേക്കും ആ പഴയകാട് അവിടെ പുനര്‍ജ്ജനിച്ചിരുന്നു. ചെറിയ ചുവടുവെയ്പുകളാണ് വലിയ മാറ്റങ്ങള്‍ക്ക് തുടക്കും കുറിക്കുന്നത്. പല തുടക്കങ്ങളും അദൃശ്യങ്ങളായിരിക്കും. തുടങ്ങുന്നവര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും അത് അപ്രധാനവുമായിരിക്കും. ഏതെങ്കിലുമൊരു കാര്യത്തിന് തുടക്കം കുറിക്കണമെങ്കില്‍ അസാധാരണമായ ധൈര്യം ആവശ്യമാണ്. - എന്തു കണ്ടിട്ടാണ് തുടങ്ങുന്നത് ? വിജയിക്കുമെന്ന് എന്താണ് ഉറപ്പ്? വേറെ പണിയൊന്നുമില്ലേ, സ്വന്തം കാര്യം നോക്കി നടന്നാല്‍ പോരേ,,, ലോകം മാറ്റിമറിക്കാന്‍ നീയാര്? വല്ലതും വന്നാല്‍ തനിയെ അനുഭവിച്ചോണം... എന്നിങ്ങനെ ധാരാളം അധിക്ഷേപങ്ങളെ അതിജീവിക്കുകയാണ് ഒരു തുടക്കക്കാരന്റെ വലിയ വെല്ലുവിളി. ലോക ചരിത്രം വ്യക്തികളുടെ ചരിത്രം കൂടിയാണ്. മുന്‍കൈയ്യെടുക്കുകയും മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത വ്യക്തികളുടെ ചരിത്രം. ഇത്തരം ചില വൃക്തികള്‍ ഇല്ലായിരുന്നെങ്കില്‍ പല ചരിത്ര സംഭവങ്ങളും ഉണ്ടാകുമായിരുന്നില്ല. ഓരോ വ്യക്തിയും വിലയിരുത്തപ്പെടേണ്ടത് വരുന്ന തലമുറയ്ക്ക് വേണ്ടി അവര്‍ എന്ത് ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഇന്നലെയെയും നാളെയേയും ബഹുമാനിക്കുന്നവര്‍ക്ക് മാത്രമേ ഇന്ന് സ്ഥിരത നല്‍കുന്ന പ്രവൃത്തികള്‍ ചെയ്യാനാകൂ. നല്ലൊരു ഭാവിക്കായി നമുക്ക് തുടക്കം കുറിക്കാം... മാറ്റം അത് നമ്മില്‍ നിന്നും ആരംഭിക്കട്ടെ - ശുഭദിനം.