കാസർഗോഡിന് രണ്ട് കോടതികൾ കൂടി ; ഉദ്ഘാടനം നവംബർ 2 ന്
കാസർഗോഡ്: ജില്ലയ്ക്ക് അനുവദിച്ച വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെയും (എംഎസിടി) ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയുടെയും ഉദ്ഘാടനം നവംബർ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോണ്‍ഫറൻസിലൂടെ നിർവഹിക്കും. ഹൈക്കോടതി ജഡ്ജി എ.എം. ഷഫീക്ക് അധ്യക്ഷത വഹിക്കും. നിയമമന്ത്രി എ.കെ. ബാലൻ, ജില്ലയുടെ ചാർജ് വഹിക്കുന്ന ഹൈക്കോടതി ജഡ്ജി അമിത് റാവൽ എന്നിവർ സംബന്ധിക്കും.
സ്വതന്ത്രമായി എംഎസിടി ഇല്ലാത്ത സംസ്ഥാനത്തെ ഏക ജില്ലയായിരുന്നു കാസർഗോഡ്. 2009 മുതൽ കോടതി സ്ഥാപിക്കുന്നതിനുള്ള മുൻഗണനാ പട്ടികയിൽ ജില്ല ഒന്നാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാൽ ഇത് നീണ്ടുപോവുകയായിരുന്നു. കാസർഗോഡ് ബാർ അസോസിയേഷൻ ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജിയിലെ ഉത്തരവ് പ്രകാരമാണ് ജില്ലയിൽ എംഎസിടി സ്ഥാപിക്കുന്നത്. അഡീഷണൽ ജില്ലാ ജഡ്ജ് (ഒന്ന്) ആർ. എൽ. ബൈജുവിനാണ് ജഡ്ജിന്റെ താത്കാലിക ചുമതല. ജില്ലാ ജഡ്ജിമാരുടെ പ്രൊമോഷൻ നടക്കുന്ന മുറയ്ക്ക് സ്ഥിരം ജഡ്ജി നിയമനം ഉണ്ടാവും.
സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ള 28 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളിലൊന്നാണ് ഹൊസ്ദുർഗിൽ ആരംഭിക്കുന്ന സ്പെഷൽ കോടതി. പോക്സോ കേസുകളുൾപ്പെടെയുള്ള സെഷൻസ് കേസുകൾ ഈ കോടതി കൈകാര്യം ചെയ്യും. നിലവിൽ കാസർഗോഡ് പ്രവർത്തിക്കുന്ന സ്പെഷൽ കോടതിക്ക് പുറമേയാണ് ഹൊസ്ദുർഗിൽ സ്പെഷൽ കോടതി ആരംഭിക്കുന്നത്. അഡീഷണൽ ജില്ലാ ജഡ്ജ് (രണ്ട്) രാജൻ തട്ടിലിനാണ് ഹൊസ്ദുർഗ് സ്പെഷൽ കോടതിയുടെ ചുമതല നൽകിയിരിക്കുന്നത്.