Headlines
Loading...
ലഡാക്കില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കാന്‍ സാധ്യത

ലഡാക്കില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കാന്‍ സാധ്യത

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വ്യോമസേന ലഡാക്കിൽ റഫാൽ യുദ്ധവിമാനങ്ങൾ വിന്യസിച്ചേക്കുമെനന് സൂചന. ഗാൽവൻ താഴ് വരയിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ചൈനീസ് നുഴഞ്ഞുകയറ്റം തടയുന്നതിനായി നിയന്ത്രണരേഖയിലെ ജാഗ്രത വർധിപ്പിച്ചിരുന്നു.

രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനത്തെ കുറിച്ചുള്ള സമഗ്ര അവലോകനത്തിനായി മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഉന്നത വ്യോമസേന കമാൻഡർമാരുടെ സമ്മേളനം വിളിച്ചിട്ടുണ്ട്. ബുധനാഴ്ച ആരംഭിക്കുന്ന സമ്മേളനത്തിൽ ലഡാക്ക് മേഖലയിൽ റഫാൽ യുദ്ധവിമാനങ്ങൾ വിന്യസിക്കുന്നതിനെ കുറിച്ച് വ്യോമസേന കമാൻഡർമാർ ചർച്ച നടത്തുമെന്നാണ് സൂചന.

ഓഗസ്റ്റ് മാസം തുടക്കത്തിൽ ആറ് യുദ്ധവിമാനങ്ങൾ ലഡാക്ക് മേഖലയിൽ വിന്യസിക്കുന്നത് സംബന്ധിച്ച് കമാൻഡർമാർ ചർച്ച നടത്തുമെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. ജൂലായ് 27-നാണ് ആറു റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ത്യയിലെത്തുന്നത്. വ്യോമസേന മേധാവി ആർ.കെ.ഭദൗരിയ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യോമസേന കമാൻഡർമാരെ അഭിസംബോധന ചെയ്യും.

കിഴക്കൻ ലഡാക്കിൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വ്യോമസേന രാത്രി പട്രോളിങ് നടത്തുന്നുണ്ട്. ഗാൽവൻ താഴ് വരയിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പെട്ടെന്നുളള ഏതു സാഹചര്യത്തെയും നേരിടാൻ ഇന്ത്യ തയ്യാറാണെന്നുളള സന്ദേശം ചൈനയ്ക്ക് നൽകുകയാണ് ഇതിന്റെ ലക്ഷ്യം. രാജ്നാഥ് സിങ്ങിന്റെ ലഡാക്ക് സന്ദർശന വേളയിൽ ലഡാക്കിൽ നടന്ന സൈനികാഭ്യാസത്തിൽ വ്യോമസേന പങ്കെടുത്തിരുന്നു. ഉയർന്ന പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങൾ കൈാര്യം ചെയ്യുന്നതിൽ സൈന്യത്തിന്റെയും വ്യോമസേനയുടെയും പോരാട്ടശേഷി പ്രകടമാക്കുന്നതായിരുന്നു സൈനികാഭ്യാസം.

സുഖോയ് 30എംകെഐ, ജാഗ്വാർ, മിറാഷ് 2000 തുടങ്ങിയ മുൻനിര യുദ്ധവിമാനങ്ങളെല്ലാം തന്നെ വ്യോമസേന ഇതിനകം കിഴക്കൻ ലഡാക്കിലെ സുപ്രധാന വ്യോമസേനാ ബേസുകളിൽ വിന്യസിച്ചിട്ടുണ്ട്. സൈനികരെ എത്തിക്കുന്നതിനായി അപ്പാച്ചെ ഹെലികോപ്റ്ററുകളും ചിനൂക്ക് ഹെലികോപ്റ്ററുകളും വ്യോമസേന വിന്യസിച്ചിട്ടുണ്ട്.