ഫൈസൽ ഫരീദ് പണം ചെലവഴിച്ചത് നാല് മലയാള സിനിമകൾക്കായി; തെളിവുകൾ അന്വേഷണ സംഘത്തിന്
ഫൈസൽ ഫരീദ് പണം ചെലവഴിച്ച മലയാള സിനിമകളെ കുറിച്ച് എൻഐഎയ്ക്കും കസ്റ്റംസിനും തെളിവ് ലഭിച്ചു. മലയാളത്തിലെ ന്യൂജനറേഷൻ സംവിധായകന്റേയും, മുതിർന്ന സംവിധായകന്റേയും ചിത്രത്തിന്റെ നിർമ്മാണത്തിന് ഫൈസൽ ഫരീദ് പണം ചെലവഴിച്ചുവെന്നാണ് കണ്ടെത്തൽ.
നാല് ചിത്രങ്ങൾക്കാണ് ഫൈസൽ ഫരീദ് കള്ളകടത്ത് പണം ഉപയോഗിച്ചത്. അരുൺ ബാലചന്ദ്രൻ വഴിയായിരുന്നു പണം സിനിമ മേഖലയിൽ എത്തിച്ചത്.കസ്റ്റംസും, എൻഐഎയും ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ്. ഫൈസൽ ഫരീദിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജൻസികൾ. കഴിഞ്ഞ 15 വർഷമായി സംസ്ഥാനത്ത് നടന്നിട്ടുള്ള സ്വർണ കള്ളക്കടത്തിന്റെ വിവരങ്ങൾ ഫൈസൽ ഫരീദിന് അറിവുണ്ടെന്നാണ് എൻഐഎയുടേയും കസ്റ്റംസിന്റേയും വിലയിരുത്തൽ.
അതേസമയം, ഫൈസൽ ഫരീദിനെ രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസൽ ഫരീദെന്നാണ് വിവരം. ഇന്ത്യ കഴിഞ്ഞ ദിവസം ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു.
ഇതിന് പിന്നാലെ ഫൈസൽ നാട് വിടുമെന്ന സംശയത്തെ തുടർന്നാണ് ദുബായ് പൊലീസ് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎയും ദുബായ് പൊലീസും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫൈസൽ ഫരീദിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് സൂചന