kerala
മന്ത്രി ആര്‍ ബിന്ദുവിനെ അയോഗ്യയാക്കണമെന്ന ഹര്‍ജി ഇന്ന് ലോകായുക്ത പരിഗണിക്കും
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരായ ഹർജി ഇന്ന് ലോകായുക്ത പരിഗണിക്കും. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ പുനർനിയനമത്തിൽ സ്വജനപക്ഷപാതം കാണിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രിയെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ലോകായുക്തയിൽ ഹർജി നൽകിയത്. വൈകുന്നേരം മൂന്ന് മണിക്ക് ഓണ്‍ലൈനായാണ് കേസ് ഡിവിഷൻ ബഞ്ച് പരിഗണിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ഗവർണർക്ക് അയച്ച കത്തുകളുടെ അനുബന്ധ ഫയലുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ലോകായുക്ത നിയമത്തിൽ ഭേദഗതി വേണമെന്ന സർക്കാർ ശുപാർശ ഗവർണർക്കു മുന്നിൽ നിലനിക്കുമ്പോഴാണ് മന്ത്രിക്കെതിരായ കേസ് പരിഗണിക്കുന്നത്.
സര്‍ക്കാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കും
ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കും. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നായിരിക്കും സര്‍ക്കാര്‍ വിശദീകരണം. ലോകാപാല്‍ നിയമം വന്നതോടെ ലോകായുക്ത സംസ്ഥാനത്തിന്റെ വിഷയമായെന്നും ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കും. വിശദീകരണത്തില്‍ ഗവര്‍ണറുടെ തുടര്‍നിലപാട് നിര്‍ണായകമാവും. ലക്ഷദ്വീപ് സന്ദര്‍ശനം കഴിഞ്ഞ് ഇന്ന് വൈകീട്ടോടെയാണ് ഗവര്‍ണര്‍ തിരുവനന്തപുരത്തെത്തുക.
പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്നാണ് ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടായത്. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണോ അല്ലയോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ പരാതികളില്‍ വിശദീകരണം വേണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ ലോകായുക്തയുടെ ശക്തമായ അധികാരം സര്‍ക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഇത് ലോകായുക്ത സംവിധാനത്തെ തന്നെ ദുര്‍ബലപ്പെടുത്തുമെന്നുമാണ് വിമര്‍ശനം. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ നിയമമന്ത്രി പി. രാജീവ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.