kerala
കെ റെയിലില്‍ കേന്ദ്ര നിലപാട് ഇന്നറിയാം; പ്രതീക്ഷയില്‍ കേരളം, സാധ്യതയില്ലെന്ന് എംപി
കേന്ദ്ര ബജറ്റില്‍ വിവാദ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഇടം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ കേരളം. സില്‍വര്‍ലൈന്‍ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ബഡ്ജറ്റില്‍ ഇടം നല്‍കണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ചെറിയ സഹായം മാത്രമെ അതിന് ആവശ്യമായി വരുന്നുള്ളൂ. ഇതിനായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനോട് നേരിട്ട് തന്നെ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
'കേന്ദ്രസര്‍ക്കാരിന്റെ ചെറിയ സഹായം മാത്രമെ അതിന് ആവശ്യമായി വരുന്നുള്ളൂ. ആകെ ചെലവൊന്നും കേന്ദ്രത്തില്‍ നിന്നും ആവശ്യപ്പെടുന്നില്ലല്ലോ. പങ്കാളിത്തം മാത്രമാണ് ആഗ്രഹിക്കുന്നത്. മറ്റുള്ളവരുടെ അതിവേഗ പദ്ധതികള്‍ പരാമര്‍ശിക്കുമ്പോള്‍ കേന്ദ്രത്തിന് കേരളത്തെ പരിഗണിക്കാതിരിക്കാന്‍ കഴിയില്ല. സില്‍വര്‍ലൈന്‍ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ബഡ്ജറ്റില്‍ ഇടം നല്‍കണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. പിന്നീട് നേരിട്ട് ധനകാര്യമന്ത്രിയെന്ന നിലയില്‍ കേന്ദ്രധനകാര്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.' കെ എന്‍ ബാലഗോപാല്‍
അതേസമയം കെ റെയില്‍ പദ്ധതിയോട് തങ്ങള്‍ക്ക് വിയോജിപ്പ് ഉണ്ടെന്നും അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് 19 എംപിമാര്‍ ഒപ്പിട്ട് കത്ത് നിര്‍മ്മലാ സീതാരാമന് നല്‍കിയിട്ടുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനകാലത്താണ് നല്‍കിയത്. ശക്തമായ വിയോജിപ്പ് അറിയിച്ച് സാഹചര്യത്തില്‍ കേന്ദ്രത്തിന് അനുമതി കൊടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കുമെന്ന് തോന്നുന്നില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിചേര്‍ത്തു.
11 മണിക്കാണ് നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് അവതരണം. ബജറ്റില്‍ ആദായ നികുതിയിളവ് പ്രഖ്യാപിക്കുമെന്നാണ് സൂചന. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ട് ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനുളള പ്രഖ്യാപനങ്ങളും ഉണ്ടായേക്കും.
ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നാലാം ബജറ്റ് അവതരണമാണ് ഇന്ന്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുളള ചെലവ് ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് വിധഗ്ദരുടെ അഭിപ്രായം. അതേസമയം, കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങളെ കരകയറ്റാനുളള പദ്ധതികള്‍ കൊണ്ടുവരുമെന്നതില്‍ വലിയ പ്രതീക്ഷയില്ലെന്നും സാമ്പത്തിക വിധഗ്ദര്‍ വ്യക്തമാക്കി.