Headlines
Loading...
കൊറോണ വൈറസ് വായുവിലൂടെ പകരും ; സ്ഥിരീകരണവുമായി ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് വായുവിലൂടെ പകരും ; സ്ഥിരീകരണവുമായി ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് സ്ഥീരീകരിച്ച് ലോകാരോഗ്യ സംഘടന. വായു സഞ്ചാരം കുറവുള്ള ഇടങ്ങളില്‍ വൈറസ് വായുവിലൂടെ പകരാം. മെഡിക്കല്‍ നടപടി ക്രമങ്ങള്‍ക്കിടയിലും, വായുവില്‍ തങ്ങി നില്‍ക്കുന്ന ചെറിയ കണികകളിലൂടെയും വൈറസ് പകരാന്‍ സാധ്യതയുള്ളതായി ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. കണികകകള്‍, വാതില്‍പ്പിടി,സ്വിച്ചുകള്‍, പേന തുടങ്ങി അണുബാധയുണ്ടായ സ്ഥലങ്ങളിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാമെന്ന് സംഘടന വ്യക്തമാക്കുന്നു.

നേരത്തെ കൊറോണ വായുവിലൂടെ പകരുന്നതിന് തെളിവുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിരുന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതിനായി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും സംഘടന വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊറോണ വൈറസ് വായുവിലൂടെ വീടിനകത്ത് പ്രവേശിക്കാമെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി സംഘടന രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമാണ് വായുവിലൂടെ രോഗം പകരുമെന്ന് കാണിച്ച് 32 രാജ്യത്തെ 239 ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് ലോകാരോഗ്യ സംഘടനയ്ക്ക് കത്തയച്ചത്. ചെറിയ കണികകളില്‍ പറ്റിപ്പിടിക്കാന്‍ കൊറോണ വൈറസിന് സാധിക്കുമെന്നും. ഇതിന് പുറമെ പൊതുയിടങ്ങള്‍, ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്ന സ്ഥലങ്ങള്‍, വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വായുവിലൂടെ രോഗം പകരുമെന്നും ലോകാരോഗ്യ സംഘടനയ്ക്ക് അയച്ച കത്തില്‍ ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം വാദങ്ങള്‍ സ്ഥിരീകരിക്കാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ നിലപാട്.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് കൊറോണ. വായില്‍ നിന്നും മൂക്കില്‍ നിന്നും തെറിക്കുന്ന സ്രവത്തില്‍ നിന്ന് വൈറസുകള്‍ രോഗം പടര്‍ത്തുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് കൂടാതെയും വായുവിലൂടെയും രോഗം പകരുമെന്നാണ് ശാസ്ത്രജ്ഞര്‍ വാദിച്ചത്.