Breaking News
ചെർക്കള, ബോവിക്കാനം ടൗണുകളിലുള്ളവർക്ക്, ഇന്ന് വരാനിരിക്കുന്ന പരിശോധനാ ഫലംനിർണായകം, സമ്പർക്ക പട്ടികയിൽ 60 പേർ. 54 പേരുടെ ഫലം ഇന്നറിയാം
കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്ന ചെർക്കള, ബോവിക്കാനം ടൗണുകളെ സംബന്ധിച്ച് ഇന്ന് പുറത്തു വരാനിരിക്കുന്ന പരിശോധന ഫലം നിർണായകം. കോവിഡ് സ്ഥിരീകരിച്ച പച്ചക്കറി വ്യാപാരികളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽപെട്ട 54 പേരുടെ പരിശോധന ഫലമാണ് പുറത്തു വരാനിരിക്കുന്നത്. ഇവരുടെ കുടുംബാംഗങ്ങളുടെയും ചെർക്കള, ബോവിക്കാനം ടൗണുകളിലെ വ്യാപാരികളുടെയും സ്രവമാണ് കഴിഞ്ഞ ദിവസം ശേഖരിച്ചത്.
രോഗം പടർന്നിട്ടുണ്ടോയെന്ന് ഇവരുടെ ഫലം വന്നാൽ മാത്രമേ കണ്ടെത്താനാവുകയുള്ളൂ. അതേസമയം ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 2 ചെങ്കള സ്വദേശികളുടെയും പ്രാഥമിക സമ്പർക്കം ആശങ്കയുണ്ടാക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഇതിൽ ഒരാൾ ബന്ധുവിന്റെ മരണാനന്തര ചടങ്ങിലും രണ്ടാമത്തെയാൾ ക്രിക്കറ്റ് മത്സരം ഉൾപ്പെടെയുള്ള കളികളിലും ഏർപ്പെട്ടിരുന്നു. ക്വാറന്റീനിൽ നിൽക്കാത്തതിനാൽ തന്നെ വ്യാപക സമ്പർക്കവുമുണ്ട്.
ഇരുവരുടെയും പ്രാഥമിക സമ്പർക്ക പട്ടികയിൽ 60 പേരെയാണ് ഇതിനകം കണ്ടെത്തിയിട്ടുള്ളത്. ഇവരോടും കുടുംബാംഗങ്ങളോടും ക്വാറന്റീനിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. ചെർക്കള ടൗണിൽ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി ബാങ്കുകൾ അടക്കമുള്ള സ്ഥാപനങ്ങളും ഇന്ന് അടച്ചിടാൻ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിമിന്റെ അധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു. തിങ്കളാഴ്ച മുതൽ ഇവിടെ കടകൾ അടഞ്ഞുകിടക്കുകയാണ്.