Breaking News
നിരോധനം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ 10 മത്സ്യത്തൊഴിലാളികൾക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു
ഉദുമ: കോവിഡ്-19 നിരോധനം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ 10 മത്സ്യത്തൊഴിലാളികൾക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. കോട്ടിക്കുളത്തെ മത്സ്യത്തൊഴിലാളികളായ കൃഷ്ണൻ (57), വിജയൻ (44), ബാലകൃഷ്ണൻ (50), സുശീൽകുമാർ (50), കൊട്ടൻ (32), മധു (50), രാജൻ (45), ജി.മധു (50), ശരൺ (22), ചന്ദ്രൻ (53) എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർചെയ്തതിരിക്കുന്നത്.
രോഗവ്യാപനം കണക്കിലെടുത്ത് മത്സ്യബന്ധനവും വിപണനവും താത്കാലികമായി കളക്ടർ നിരോധിച്ചിട്ടുണ്ട്. ഇതു വകവയ്ക്കാതെ ചൊവ്വാഴ്ച മൂന്നുതാണിയിൽ മത്സ്യബന്ധനത്തിനു പോയവരിൽ 10 പേരെയാണ് ബേക്കൽ പോലീസ് പിടികൂടി കേസെടുത്തത്.
മത്സ്യബന്ധനം കഴിഞ്ഞ് പള്ളിക്കര കടപ്പുറത്ത് തോണികൾ അടുപ്പിക്കുന്നതിനിടയിലാണ് പോലീസ് വാഹനമെത്തിയത്. ഇതേത്തുടർന്ന് മീൻ വാങ്ങാൻ വന്നവരടക്കമുള്ളവർ ഓടിപ്പോയി. കഴിഞ്ഞ ഞായറാഴ്ചയും ഇതേ സ്ഥലത്ത് ചെമ്മീൻ ചാകരയുടെ പേരിൽ നിരോധനം ലംഘിച്ച് തടിച്ചുകൂടിയവരെ പോലീസ് വിരട്ടിയോടിച്ചിരുന്നു.