international
ബംഗ്ലാദേശിൽ പ്രതിഷേധം രൂക്ഷം, ചീഫ് ജസ്റ്റിസ് രാജിവെച്ചു; അസം അതിർത്തിയിൽ ഇന്ത്യ സുരക്ഷ ശക്തമാക്കി Bangladesh
ധാക്ക: ബംഗ്ലാദേശിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. എല്ലാ ജഡ്ജിമാരും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ സുപ്രീംകോടതി വളഞ്ഞു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഒബൈദുൽ ഹസൻ രാജിവെച്ചു. പുതുതായി രൂപവത്കരിച്ച ഇടക്കാല സര്‍ക്കാരിനോട് ആലോചിക്കാതെ ചീഫ് ജസ്റ്റിസ് വിളിച്ചുചേര്‍ത്ത ഫുള്‍ കോടതി യോഗമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കോടതിയിലെ ജഡ്ജിമാര്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന്, പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ നിശ്ചയിച്ചിരുന്ന ഫുള്‍കോര്‍ട്ട് യോഗം പെട്ടെന്ന് തന്നെ നിര്‍ത്തിവെച്ചിരുന്നു. ബംഗ്ലാദേശില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ അസം അതിർത്തിയിൽ ഇന്ത്യ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ വസ്ത്രവ്യാപാര മേഖലയ്ക്കും ബംഗ്ലാദേശ് പ്രതിഷേധം തിരിച്ചടിയായിട്ടുണ്ട്.

അതേസമയം, ബംഗ്ലാദേശിലുണ്ടായ സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ ചാരസംഘടനയുടെ പങ്ക് സംശയിക്കുന്നതായി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വസെദ് ജോയ് പറഞ്ഞു. ഇന്റര്‍ സെര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ)യുടെ പങ്ക് സംശയിക്കുന്നതായാണ് സജീബ് പ്രതികരിച്ചത്. പ്രതിഷേധവും ആക്രമണങ്ങളും ആസൂത്രിതമാണെന്നും പ്രക്ഷോഭകര്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഭീകരവാദ സംഘടനകള്‍ക്ക് മാത്രമേ നല്‍കാന്‍ കഴിയൂ എന്നും സജീബ് പറഞ്ഞു.
'സാഹചര്യത്തെളിവുകള്‍ കണക്കിലെടുത്താല്‍ പാകിസ്ഥാന്‍ ഐഎസ്‌ഐയുടെ പങ്കാളിത്തം ഞാന്‍ സംശയിക്കുന്നു. ആക്രമണങ്ങളും പ്രതിഷേധങ്ങളും വളരെ ആസൂത്രമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ സാഹചര്യം ആളിക്കത്തിക്കാനുള്ള മനഃപൂര്‍വമായ ശ്രമങ്ങള്‍ നടന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്തുതന്നെ ചെയ്താലും, അവര്‍ അത് വഷളാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.' പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സജീബ് വ്യക്തമാക്കി.