kerala
പ്രകമ്പനം ഭൂചലനമല്ല; വയനാട്ടില്‍ ക്യാമ്പിൽ കഴിയുന്നവർക്ക് 10000 രൂപ കേരള സർക്കാർ അടിയന്തിര ധനസഹായം നല്‍കും Kerala
കല്‍പ്പറ്റ: വയനാട്ടിലെ വിവിധ സ്ഥലങ്ങളിലുണ്ടായ പ്രകമ്പനം ഭൂചലനമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ക്യാമ്പിൽ കഴിയുന്നവർക്ക് 10000 രൂപ ധനസഹായം നല്‍കുമെന്നും വാടക ഉൾപ്പെടെ മറ്റൊരു വാസസ്ഥലം സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 125 വാടകവീടുകൾ തയാറായി. വായ്പ, പലിശ പിരിവ് എന്നിവ കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ബിഹാറിന് സമാനമായ സഹായം ലഭിക്കണം. 2000 കോടിയുടെ പുനർനിർമാണ പാക്കേജ് ആവശ്യപ്പെട്ടതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നാളെ വയനാട്ടില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മണിക്കൂർ ഇവിടെ തങ്ങും. ബെയ്ലി പാലം വരെ പ്രധാനമന്ത്രി പോകും. ആശുപത്രിയും ക്യാമ്പും സന്ദർശിക്കും. വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 226 പേരാണ് മരിച്ചത്. 197 ശരീര ഭാഗങ്ങൾ കണ്ടെത്തി. 133 പേരെ കാണാതായി. ഇന്ന് ഒരു മൃതദേഹവും രണ്ട് ശരീരഭാഗങ്ങളും സംസ്കരിച്ചു. 78 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തിരച്ചിൽ തുടരുമെന്നും എത്ര ദിവസമെന്ന് കണക്കാക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഞായറാഴ്ച ജനകീയ തിരിച്ചിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയനാട് ദുരന്തത്തിന്റെ വ്യാപ്തി കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്ന് മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. വയനാട് ഉരുൾപൊട്ടൽ എൽ 3 കാറ്റഗറിയിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ചത് പോലെയുള്ള നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു