kerala
വടകരയിലെ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം highcourt
കൊച്ചി: വടകരയിലെ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിൽ കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. വടകര പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കാണ് ഹൈക്കോടതി ഇത് സംബന്ധിച്ച് നിര്‍ദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിൻ്റേതാണ് നിര്‍ദ്ദേശം. ഓഗസ്റ്റ് 12-ന് മുന്‍പ് കേസ് ഡയറി ഹാജരാക്കാനാണ് ഉത്തരവ്. വടകരയിലെ 'കാഫിർ' സ്ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രവർത്തകൻ പി കെ ഖാസിമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസില്‍ പികെ ഖാസിമിന് എതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് വടകര പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. വ്യാജ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും പികെ ഖാസിമിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണെന്ന് കണ്ടെത്താനായില്ലെന്നുമാണ് പൊലീസ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചത്. കേസിലെ ഗൂഡാലോചന, വ്യാജ സ്‌ക്രീന്‍ ഷോട്ട് എന്നിവയെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണം എന്നാവശ്യപ്പെട്ട് പികെ ഖാസിം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജി ഹൈക്കോടതി ഓഗസ്റ്റ് 12ന് വീണ്ടും പരിഗണിക്കും.
വടകരയിലെ 'കാഫിർ' സ്ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് പി കെ ഖാസിം നൽകിയ ഹർജിയിൽ വ്യാജ സ്ക്രീൻ ഷോട്ടിൻ്റെ ഇരയാണ് താനെന്ന വാദമാണ് പ്രധാനമായും ഉയർത്തിയത്. സംഭവത്തിൽ ഏപ്രിൽ 25ന് വടകര പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകണം. കേസിലെ ഗൂഢാലോചന, വ്യാജ സ്ക്രീൻ ഷോട്ട് എന്നിവയെപ്പറ്റി അന്വേഷിക്കാൻ നിർദ്ദേശം നൽകണമെന്നായിരുന്നു പി കെ ഖാസിം നൽകിയ ഹർജിയിലെ ആവശ്യം.
'കാഫിർ' സ്ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. സിപിഐഎം കേന്ദ്രങ്ങൾ വ്യാജമായി സൃഷ്ടിച്ച സ്ക്രീൻഷോട്ടുകൾ ആധാരമാക്കി കെ കെ ശൈലജ ഉന്നയിച്ച കാഫിർ പ്രയോഗം തരംതാഴ്ന്നതാണെന്നും വർഗീയവാദിയായി ചിത്രീകരിക്കുന്നത് സുഖകരമല്ലെന്നും വടകര എം പി ഷാഫി പറമ്പിലും നേരത്തെ പ്രതികരിച്ചിരുന്നു.
കാഫിർ പോസ്റ്റർ വിവാദം നേരത്തെ പ്രതിപക്ഷം നിയമസഭയിലും ഉന്നയിച്ചിരുന്നു. ഇത് ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാക്പോരിന് ഇടയാക്കിയിരുന്നു. കാഫിർ പോസ്റ്റർ വിവാദത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ, പ്രതികൾ ആരെല്ലാം എന്നതാണ് പ്രതിപക്ഷമുയർത്തിയ പ്രധാന ചോദ്യം. എന്നാൽ മന്ത്രി നൽകിയ മറുപടിയിൽ പ്രതിപക്ഷം തൃപ്തരായിരുന്നില്ല. മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തിലാണ് എം ബി രാജേഷ് ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ ഭരണപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. വടകരയിലെ വർഗീയ പ്രചരണത്തിൽ രണ്ട് പരാതികൾ ലഭിച്ചിരുന്നുവെന്നായിരുന്നു മന്ത്രി എം ബി രാജേഷിൻ്റെ മറുപടി. വർഗീയ പ്രചരണ ഉള്ളടക്കം നീക്കം ചെയ്യാൻ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫേസ്ബുക്കിനോട് പ്രൊഫൈൽ വിവരങ്ങൾ ചോദിച്ചിട്ടുണ്ട്, അത് ലഭ്യമായാലേ തുടർ നടപടി സാധ്യമാകൂവെന്നും എം ബി രാജേഷ് മറുപടി നൽകിയിരുന്നു.