Headlines
Loading...
ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി; ഇറാന്‍ പ്രസിഡന്‍റ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു helicopter

ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി; ഇറാന്‍ പ്രസിഡന്‍റ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു helicopter

ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. റെയ്സിയും വിദേശകാര്യമന്ത്രിയും ഉള്‍പ്പെട്ട സംഘം സഞ്ചരിച്ച ഹെലികോപ്റ്റര്‍ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ മലമുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അപകടം നടന്ന് പതിനാല് മണിക്കൂറുകള്‍ക്കുശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്തെത്താനായത്

ഒരു രാത്രി നീണ്ട ഇറാന്‍ ജനതയുടെ പ്രാര്‍ഥനകള്‍ വിഫലം. അസര്‍ബൈജന്‍ അതിര്‍ത്തിയിലെ ജോല്‍ഫയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രിയും ഉള്‍പ്പെട്ട വിവിഐപി സംഘം കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു. മണിക്കുറുകള്‍ നീണ്ട പ്രയ്നത്തിനൊടുവില്‍ രാവിലെ രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തെത്തിയതോടെയാണ് ദുരന്തം സ്ഥിരീകരിച്ചത്.  ടെഹ്റാനില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് അപകടസ്ഥലം. അസര്‍ബൈജാന്‍– ഇറാന്‍ അതിര്‍ത്തിയിലെ അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മടങ്ങവെ ഇന്നലെ വൈകിട്ടാണ് പ്രസിഡന്റ് സഞ്ചരിച്ച അമേരിക്കന്‍‌ നിര്‍മിത ബെല്‍ 212 ഹെലികോപ്റ്റര്‍‍ തകര്‍ന്നത്. 

പ്രതികൂല കാലാവസ്ഥയില്‍‌ മലമുകളില്‍ ഇടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ് കോപ്റ്റര്‍ കണ്ടെത്തിയത്.  മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പ്രസിഡന്റിനും വിദേശകാര്യമന്ത്രിക്കും പുറമെ പ്രവിശ്യ ഗവര്‍ണറും പരമ്മോന്നത നേതാവിന്റെ പ്രതിനിധിയും ഉദ്യോഗസ്ഥരുമാണ് കോപ്റ്ററിലുണ്ടായിരുന്നത്. പ്രസിഡന്റിന്റെ വിയോഗത്തെ തുടര്‍ന്ന്  ഇറാന്‍ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുക്ബെര്‍ താല്‍ക്കാലിക പ്രസിഡന്റാകുമെന്നാണ് സൂചന. ഇറാന്‍ ഭരണഘടന പ്രകാരം അധികാരത്തിലിരിക്കെ പ്രസിഡന്റ് മരിച്ചാല്‍ താല്‍ക്കാലിക പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അന്‍പത് ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ കണ്ടെത്തണം.

ഇബ്രാഹിം റെയ്സിയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റെയ്സിയുടെ ദാരുണാന്ത്യം കഠിനമായ ദുഖമുണ്ടാക്കുന്നതും നടുക്കുന്നതുമാണെന്ന് മോദി എക്സില്‍ കുറിച്ചു. ഇന്ത്യ–ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ റെയ്സി നല്‍കിയ സംഭാവനകള്‍ എക്കാലത്തും ഒാര്‍മിക്കപ്പെടും. ദുഖവേളയില്‍ ഇന്ത്യ ഇറാനൊപ്പം നില്‍ക്കുന്നതായും മോദി പറഞ്ഞു. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും അനുശോചിച്ചു