kerala
മഴ ശക്തം, അഞ്ച് ദിവസം കൂടി തുടരും; മഴയില്‍ വ്യാപക നാശനഷ്ടം; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്
സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപകനാശനഷ്ടം. തിരുവനന്തപുരത്ത് ഒഴുക്കില്‍പെട്ട് ഒരാളെ കാണാതായി. ഇടുക്കിയില്‍ വീടിടിയുകയും ചോറ്റാനിക്കരയില്‍ മണ്ണിടിഞ്ഞു വീഴുകയും ചെയ്തു. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട് പ്രഖ്യാപിച്ചു. അടുത്ത രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരും.
ഇടുക്കി കാഞ്ചിയാര്‍ കോഴിമലയിലാണ് കനത്ത മഴയില്‍ വീട് പൂര്‍ണമായും തകര്‍ന്നത്. കോഴിമല സ്വദേശി സുമേഷ് ഫിലിപ്പിന്‍റെ വീടാണ് തകര്‍ന്നുവീഴുകയായിരുന്നു. സുമേഷും ഭാര്യയും രണ്ടു മക്കളും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.ചോറ്റാനിക്കര കുരീക്കാട് ജനവാസകേന്ദ്രമായ കണിയാമലയില്‍ മണ്ണിടിച്ചിലുണ്ടായി. മുകള്‍ ഭാഗത്ത് അപകടാവസ്ഥയിലായ മതില്‍ ഇടിഞ്ഞതോടെ മലയുടെ താഴെ താമസിക്കുന്ന കുടുംബങ്ങള്‍ ഭീതിയിലാണ്. കുട്ടനാട്ടിൽ പുഞ്ചകൃഷിയുടെ ഒരുക്കങ്ങൾ നടത്തിയ ഒരു പാടശേഖരത്തിൽ കൂടി മടവീണു. ഒട്ടനവധി പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലാണ്.