international
ദോഹ എക്സ്പോയ്ക്ക് തുടക്കമായി, സന്ദർശക പ്രവേശനം നാളെ
ദോഹ∙ മേന മേഖലയിലെ പ്രഥമ ഹോർട്ടികൾചർ എക്‌സ്‌പോയ്ക്ക് ദോഹ കോർണിഷിലെ അൽബിദ പാർക്കിൽ തുടക്കമായി. പൊതുജനങ്ങൾക്ക് പ്രവേശനം നാളെ മുതൽ. ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി എന്ന പ്രമേയത്തിൽ നടക്കുന്ന എക്‌സ്‌പോയിലേക്ക് 30 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ 88 രാജ്യങ്ങൾ പങ്കെടുക്കും. മാർച്ച് 28 വരെയാണ് എക്‌സ്‌പോ.
സോണുകൾ തിരിച്ച് പ്രദർശനം
ഇന്റർനാഷനൽ, ഫാമിലി, കൾചറൽ എന്നിങ്ങനെ 3 സോണുകളാക്കി തിരിച്ചാണ് പ്രദർശനം. കൾചറൽ, ഫാമിലി സോണുകളിലേക്ക് ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവേശിക്കാം. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി 11 വരെയും ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി 11 വരെയുമാണ് പ്രവേശനം. ഇന്റർനാഷനൽ സോണിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ രാത്രി 8 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി 8 വരെയും ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി 8 വരെയും പ്രവേശിക്കാം.

∙ ഇന്റർനാഷനൽ സോൺ: എക്‌സ്‌പോ ഹൗസ്, ഖത്തർ പവിലിയൻ, ദാദു ഗാർഡൻ, ഹരിത ടണൽ, വിവിധ രാജ്യങ്ങളുടെ പ്ലാസകൾ, ഇന്നവേഷൻ സെന്റർ, എക്‌സ്‌പോ സ്‌ക്വയർ, ഫാർമേഴ്‌സ് മാർക്കറ്റ്, ഗ്രീൻ ഹൗസ്, കൾചറൽ ബസാർ, എക്‌സ്‌പോ ക്ലോക്ക്, ഖത്തർ ഓട്ടോ മ്യൂസിയം പ്രദർശനം, എജ്യുക്കേഷൻ എബൗ ഓൾ, ബയോ ഡോംസ്, ദോഹ സ്‌കൈവ്യൂ ഹീലിയം ബലൂൺ, ഫുഡ് കോർട്ട്, എക്‌സ്‌പോ റസ്റ്ററന്റുകൾ, എക്‌സ്‌പോ ഫ്ലാഗ്ഷിപ്പ് സ്റ്റോർ, ഗ്രീൻ ടണൽ ഗേറ്റ്, അക്രഡിറ്റേഷൻ സെന്റർ, അഡ്മിനിസ്‌ട്രേഷൻ ബിൽഡിങ് എന്നിവയാണ് ഇവിടെയുള്ളത്.
∙ ഫാമിലി സോൺ: ഫാമിലി ആംഫി തിയറ്റർ, ജൈവവൈവിധ്യ മ്യൂസിയം, അൽ റുമൈലിയ ഗേറ്റ്, ഫുഡ് കോർട്ട്, എക്‌സ്‌പോ സ്‌പോൺസർമാരുടെയും പങ്കാളികളുടെയും ഇടം, ഖുറാനിക് ബൊട്ടാണിക്കൽ ഗാർഡൻ, ഫല്ല സ്‌പേസ്, ഇക്കോ-ആർട്ടിസനൽ സൂഖ്, സിദ്ര ട്രീ, ഇവന്റ് ഏരിയ, ഫാമിലി ഫാം, റെഡ് റോഡ് ഗേറ്റ്, ഇൻഫോ പോയിന്റ്.
∙ കൾചറൽ സോൺ: എക്‌സിബിഷൻ സെന്റർ, കോൺഗ്രസ് സെന്റർ, കൾചറൽ അരീന, 3-2-1 ഖത്തർ ഒളിംപിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം ബൂത്ത്, ഫോട്ടോ പ്രദർശനം, ചൈനീസ് സാംസ്‌കാരിക പ്രദർശനവും പ്രകടനങ്ങളും, കോറൽ റീഫ് പവിലിയൻ, ഇൻഫോ പോയിന്റ്.
വേദിയിലെത്താൻ
ഹമദ് വിമാനത്താവളത്തിൽ നിന്ന് ടാക്‌സി, ബസ്, മെട്രോ, റന്റൽ കാർ, ലിമോസിൻ എന്നിവ മുഖേന എക്‌സ്‌പോ വേദിയിലെത്താം. വിമാനത്താവളത്തിൽ അറൈവൽ ഹാളിന്റെ ഇടതുവശത്ത് ടാക്‌സികളുടെയും വലതു വശത്ത് ബസുകളുടെയും പവിലിയനുകളുണ്ട്. അംഗീകൃത കമ്പനികളുടെ കാറുകൾ വാടകയ്ക്ക് ലഭിക്കും. ആഡംബര ലിമോസിൻ കാറുകളും ഇവിടെ നിന്ന് ലഭിക്കും. വിമാനത്താവളത്തിൽ നിന്ന് ദോഹ മെട്രോയും ലഭിക്കും. ദോഹ മെട്രോയുടെ റെഡ്, ഗ്രീൻ ലൈനിലൂടെ അൽബിദ സ്‌റ്റേഷനിൽ ഇറങ്ങിയാൽ കൾചറൽ സോണിലേക്ക് പ്രവേശിക്കാം. റെഡ് ലൈനിലൂടെ കോർണിഷ് സ്‌റ്റേഷനിൽ ഇറങ്ങിയാൽ ഇന്റർനാഷനൽ സോണിലെത്താം. കോർണിഷ് സ്‌റ്റേഷനിലെ എക്‌സിറ്റ് 3, അൽബിദ സ്‌റ്റേഷനിലെ എക്‌സിറ്റ് 2 എന്നിവയിലൂടെ അൽബിദ പാർക്കിലേക്ക് എത്താം.
അൽബിദ പാർക്ക്, പുതിയ ഹരിതയിടം
ദോഹ∙ ദോഹയുടെ ഗ്രീൻ ഐക്കൺ എന്നറിയപ്പെടുന്ന അൽബിദ പാർക്കിന്റെ ചരിത്രത്തിൽ പുതിയ ഹരിത കാഴ്ചകൾ കൂടി ഇടം പിടിക്കും. എക്‌സ്‌പോയ്ക്ക് വേദിയായി അൽബിദ പാർക്കിനെ തിരഞ്ഞെടുക്കാൻ കാരണങ്ങൾ ഏറെ. ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി എന്ന എക്‌സ്‌പോയുടെ പ്രമേയത്തിന് അനുയോജ്യമായ ഇടമാണ് എന്നതാണ് പ്രധാന കാരണം. ഹരിത മരുഭൂമിയിലേക്കും മികച്ച പരിസ്ഥിതിയിലേക്കുമുള്ള പാത കൂടിയാണ് അൽബിദ പാർക്ക്. മരുഭൂമിയുടെ കാലാവസ്ഥാ വെല്ലുവിളികൾക്കെതിരെ രാജ്യത്തിന്റെ പ്രതിരോധത്തിന്റെ തെളിവും സൗന്ദര്യാത്മ ഘടകങ്ങൾ, വിശാലമായ ഹരിത ഇടങ്ങൾ, വൈവിധ്യമാർന്ന സസ്യങ്ങൾ എന്നിവയെല്ലാമാണ് അൽബിദ പാർക്കിനെ വേദിയായി തിരഞ്ഞെടുക്കാൻ കാരണം.
ദോഹയ്‌ക്കൊപ്പം വികസിച്ച പാർക്ക്
1681ലാണ് അൽബിദ പാർക്കിനെ ഖത്തറിന്റെ ഭൂപടത്തിൽ രേഖപ്പെടുത്തുന്നത്. ദോഹ നഗരരൂപീകരണത്തിന് മുൻപേ അൽബിദ ഉണ്ടായിരുന്നു. കോട്ടകളും വീടുകളും മുത്തുവാരൽ വ്യാപാരവുമായി ബന്ധപ്പെട്ടുള്ള കരകൗശലങ്ങളുമായിരുന്നു നേരത്തെ അൽബിദയിൽ ഉണ്ടായിരുന്നത്. ആഴക്കടലിന്റെ ഹൃദയഭാഗത്താണ് അൽബിദ പാർക്ക്. ദോഹ കോർണിഷിന് അഭിമുഖമായാണ് അൽബിദയുടെ ഒരു ഭാഗം നിൽക്കുന്നത്. സുപ്രധാന വാണിജ്യ തുറമുഖമായി അൽബിദയുടെയും ദോഹയുടെയും വികസനവും ഒന്നിച്ചായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ മധ്യേ ദോഹ പ്രശസ്തമായതോടെ വെസ്റ്റ് ബേയുടെ വികസനത്തിന് ശേഷം പാർക്കിന്റെ നവീകരണവും സാധ്യമായി.
നഗരത്തിന്റെ 2 പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള വലിയ പാർക്കിനുള്ള പദ്ധതി യാഥാർഥ്യമാകുകയും മേഖലയുടെ സവിശേഷത മൂലം നഗരത്തിന്റെ ഹരിത ഐക്കൺ എന്ന പേരിൽ അൽബിദ പാർക്ക് ശ്രദ്ധ നേടുകയും ചെയ്തു. അൽബിദ, അൽ റുമൈലിയ, വാദി അൽ സെയ്ൽ എന്നിങ്ങനെ 3 പ്രദേശങ്ങളെ ഉൾക്കൊള്ളുന്ന അൽബിദ പാർക്ക് 17,45,000 ചതുരശ്രമീറ്ററിലാണ് സ്ഥിതി ചെയ്യുന്നത്. പാർക്കിലെ സിദ്ര മരങ്ങൾ ഉൾപ്പെടെയുള്ള ചെടികളിൽ പലതും പഴയ ദോഹ നഗരത്തിന്റെ ഭാഗമാണ്. പുതിയ മരങ്ങളും ചെടികളും കൂടി ഇടം പിടിച്ചതോടെ പാർക്കിന്റെ മനോഹാരിത കൂടി. നടക്കാനും ഓടാനുമുള്ള ട്രാക്കുകൾ, സൈക്കിൾ പാതകൾ, ദേശീയ മ്യൂസിയം, ഫയർ സ്റ്റേഷൻ, മെട്രോ സ്‌റ്റേഷൻ തുടങ്ങി പാർക്കിന്റെ ചുറ്റുപാടുകൾക്ക് പ്രാധാന്യം ഏറിയതോടെ പാർക്കും സജീവമായി.
പച്ചപ്പ് നിറഞ്ഞ പാർക്ക് ആയതിനാൽ വേനലിലും ഒഴിവു സമയം ചെലവിടാൻ എത്തുന്ന സന്ദർശകർ ഏറെയാണ്. കുടുംബങ്ങളുടെ ഉല്ലാസയുടവുമാണിത്. കഴിഞ്ഞ വർഷം ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിന്റെ ഫാൻ സോണിനും അൽബിദ പാർക്കാണ് വേദിയായത്. 1,766 മരങ്ങളും 51,4,000 ചതുരശ്രമീറ്റർ പുൽമൈതാനവുമാണ് ഇവിടെയുള്ളത്. വ്യായാമത്തിനുള്ള സൗകര്യങ്ങൾ, റബർ പാകിയ നടപ്പാതകൾ, 4,428 വാഹനങ്ങൾക്കുള്ള 6 പാർക്കിങ് എന്നിവയും ഇവിടെയുണ്ട്. ദോഹ മെട്രോയിൽ അൽബിദ പാർക്കിലെത്താം.