kerala
ലോൺ ആപ്പുകളും 72 വെബ്സൈറ്റുകളും നീക്കണം; ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും കേരള പൊലീസിന്റെ നോട്ടീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് വായ്പാ കുരുക്ക് ആത്മഹത്യാ കേസുകള്‍ വർധിക്കുന്ന പശ്ചാത്തലത്തിൽ കർശന നടപടിയുമായി കേരള പൊലീസ്. ലോൺ ആപ്പുകളും 72 വെബ്സൈറ്റുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും പൊലീസ് നോട്ടീസ് നൽകി. കേരളാ പൊലീസ് സൈബർ ഓപ്പറേഷൻ എസ് പിയാണ് നോട്ടീസ് നൽകിയത്. തട്ടിപ്പ് നടത്തുന്ന ലോൺ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കം ചെയ്യാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
വയനാട്ടുകാരന്‍ അജയരാജാണ് വായ്പാ തട്ടിപ്പുകാരുടെ ഭീഷണിക്ക് വഴങ്ങി അവസാനമായി ജീവനൊടുക്കിയത്. കാന്‍ഡി ക്രഷ് എന്ന അനധികൃത ആപ്പില്‍ നിന്നായിരുന്നു അജയരാജ് വായ്പയെടുത്തതും ഭീഷണികള്‍ നേരിട്ടതും. ലോണ്‍ ആപ്പുകളുടെ ചൂഷണത്തിനും ഭീഷണിക്കും ഇനിയും ഇരകള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ അനധികൃത ആപ്പുകള്‍ ഇല്ലാതാവണം. അതിനുള്ള തീവ്രശ്രമത്തിലാണ് കേരള പൊലീസിലെ സൈബര്‍ ഓപ്പറേഷന്‍ വിഭാഗം.