kerala
'കോടതി വിധി അംഗീകരിക്കുന്നത് പോലെയാണ് ഹൈക്കമാൻഡ് തീരുമാനം സ്വീകരിച്ചത്'; ഡി കെ ശിവകുമാർ
ബെംഗളൂരു: കോടതി വിധി അംഗീകരിക്കുന്നത് പോലെയാണ് ഹൈക്കമാൻഡ് തീരുമാനം അംഗീകരിച്ചതെന്ന് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ. മുഖ്യമന്ത്രി ആരാകണമെന്നതിൽ തീരുമാനമെടുക്കാനുളള അവകാശം ഞങ്ങൾ ഹൈക്കമാൻഡിന് വിട്ടു. വ്യക്തിപരമായ തീരുമാനത്തേക്കാൾ പാർട്ടിയുടെ തീരുമാനത്തിനാണ് പ്രധാന്യം. ഹൈക്കമാൻഡിന്റെ തീരുമാനത്തെ താൻ സ്വീകരിക്കുന്നുവെന്നും ഡി കെ ശിവകുമാർ പറഞ്ഞു.
'ഇതൊരു വിധിയാണ്. കോടതിയിൽ നമ്മൾ വാദങ്ങൾ ഉന്നയിക്കും. അവസാനം ജഡ്ജി എന്താണോ ഉത്തരവിടുന്നത് അത് നമ്മൾ അംഗീകരിക്കും. പാർട്ടി താത്പര്യങ്ങൾ കഴിഞ്ഞിട്ടെ വ്യക്തിപരമായ താത്പര്യങ്ങളൊളളു. ഈ വിജയം എന്റെ മാത്രം പരിശ്രമം കൊണ്ട് ലഭിച്ചതല്ല. കോടി കണക്കിന് പ്രവർത്തകരുടെ അധ്വാനത്തിന്റെ ഫലം കൂടിയാണ്', ഡി കെ ശിവകുമാർ പറഞ്ഞു. സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായും ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും തീരുമാനിച്ചതിന് പിന്നാലെ എൻഡിടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവസങ്ങള്‍ നീണ്ടുനിന്ന പ്രതിസന്ധിക്ക് വിരാമിട്ടാണ് കർണാടകയിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് സാധിച്ചത്. ആദ്യം സിദ്ധരാമയ്യയും പിന്നീട് ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനുമാണ് തീരുമാനം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമ്പോള്‍ ഡികെ ഏക ഉപമുഖ്യമന്ത്രിയാകും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഡികെ കര്‍ണാടക പിസിസി അദ്ധ്യക്ഷനായി തുടരുമെന്നും കെ സി വേണുഗോപാല്‍ അറിയിച്ചു. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ അന്ന് നടക്കും.
ഡല്‍ഹിയില്‍ നടന്ന ചര്‍ക്കകള്‍ക്കൊടുവില്‍ അനുനയമെന്നോണം സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഒരേ കാറിലാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കാണാനെത്തിയത്. കെ സി വേണുഗോപാലിന്റെ വീട്ടിലാണ് ഇരുവരും ഇന്ന് ആദ്യം എത്തിയത്. പ്രഭാത ഭക്ഷണത്തിന് ശേഷമാണ് ഖാര്‍ഗെയെ കാണാന്‍ പുറപ്പെട്ടത്. കെ സി വേണുഗോപാലും രണ്‍ദീപ് സിങ് സുര്‍ജെവാലെയും കാറിലുണ്ടായിരുന്നു. നേതാക്കളെ സ്വീകരിച്ച ഖാര്‍ഗെ, ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.