kerala
ബാലറ്റുകൾ കാണാനില്ല; പെരിന്തൽമണ്ണ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
കൊച്ചി: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ലെന്നാണ് കമ്മീഷൻ കോടിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
ബാലറ്റുകൾ സൂക്ഷിച്ചതിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നും ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയെന്നും കമ്മീഷൻ വ്യക്തമാക്കി. കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് രജിസ്ട്രാർ അടക്കമുള്ളവർക്ക് ഉത്തരവാദിത്വമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്റെ പുറത്തുള്ള കവർ കീറിയ നിലയിലാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് എൽ ഡി എഫ് സ്ഥാനാർഥി കെ പി എം മുസ്തഫ കോടതിയെ സമീപിച്ചതോടെയാണ് പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് വിവാദമാകുന്നത്. ചില ബാലറ്റുകൾ എണ്ണാതെ മാറ്റിയതാണ് തന്റെ പരാജയത്തിന് കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി.
തുടർന്ന് കോടതി നിർദേശാനുസരണം നടത്തിയ പരിശോധനയിൽ പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ച പെട്ടികൾ കാണാതായതായി കണ്ടെത്തിയിരുന്നു. പിന്നീട് മലപ്പുറം സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് ബാലറ്റ് പേപ്പറുകൾ സൂക്ഷിച്ച പെട്ടികൾ കണ്ടെത്തി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സബ് ട്രഷറിയിൽനിന്ന് നീക്കം ചെയ്തപ്പോൾ പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ബാലറ്റുകൾ അബദ്ധത്തിൽ മാറ്റിയതാണെന്നായിരുന്നു ഇതിന് അധികൃതർ നൽകിയ വിശദീകരണം.