Headlines
Loading...
നെടുമ്പാശ്ശേരിയില്‍ ഏഴ് കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന് പിടിച്ചു; വിദേശ വനിത കസ്റ്റഡിയില്‍

നെടുമ്പാശ്ശേരിയില്‍ ഏഴ് കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന് പിടിച്ചു; വിദേശ വനിത കസ്റ്റഡിയില്‍

നെടുമ്പാശ്ശേരി | കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു കിലോയിലേറെ ഹെറോയിനുമായി വിദേശ വനിത പിടിയില്‍. വിപണിയില്‍ ഏഴ് കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ആഫ്രിക്കന്‍ രാജ്യമായ ബുറൂണ്ടി സ്വദേശിനി നഹിമാന യെറ്റെ ആണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡി ആര്‍ ഐ) പിടിയിലായത്.

ഇന്ന് പുലര്‍ച്ചെ 3.15ന് നെയ്‌റോബിയില്‍ നിന്നും ഷാര്‍ജ വഴി എയര്‍ അറേബ്യ വിമാനത്തിലാണ് ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. ഇവരുടെ കൈവശം മയക്കുമരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് 4.30ഓടെ ഡി ആര്‍ ഐ വിശദമായി നടത്തിയ പരിശോധനയില്‍ ബാഗേജിലെ രഹസ്യ അറയില്‍ നിന്ന് രണ്ട് പാക്കറ്റുകളിലായി ഹെറോയിന്‍ കണ്ടെത്തുകയായിരുന്നു. ആദ്യമായാണ് കേരളത്തിലെത്തുന്നതെന്നാണ് ഇവര്‍ ഡി ആര്‍ ഐക്ക് മൊഴി നല്‍കിയിട്ടുള്ളത്.


മയക്കുമരുന്ന് ആര്‍ക്ക് കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നത് എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. പ്രതിയെ തുടര്‍ നടപടികള്‍ക്കായി കസ്റ്റംസിന് കൈമാറി. വിമാനം എത്തിയ സമയത്ത് വിമാനത്താവള പരിസരത്തുണ്ടായിരുന്നവരെ കുറിച്ചും ഡി ആര്‍ ഐ അന്വേഷിക്കുന്നുണ്ട്.

ഡല്‍ഹി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം ഒരു കാമറൂണ്‍ വനിതയും മയക്കുമരുന്നുമായി പിടിയിലായിരുന്നു. രാണ്ടാഴ്ച മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 40 ലക്ഷം രൂപയുടെ 325 ഗ്രാം ആംഫെറ്റമിന്‍ മയക്കുമരുന്നുമായി മാലി സ്വദേശി യൂസഫ് ഫൗലിദിന്‍ എന്നയാളെ സി ഐ എസ് എഫ് പിടികൂടിയിരുന്നു.