kerala
ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95 ശതമാനം വിജയം; വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം | ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95 ശതമാനം വിജയം. പരീക്ഷ എഴുതിയവരിൽ 3,120,05 പേർ ഉപരിപഠനത്തിന് അർഹത നേടിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. 33,815 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണിത്.
കഴിഞ്ഞ വർഷത്തെ വിജയ ശതമാനം 83.87 ആയിരുന്നു. 0.92 ശതമാനത്തിൻ്റെ കുറവ് രേഖപ്പെടുത്തി. വൈകുന്നേരം നാല് മണി മുതൽ താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാക്കുന്നതിന് സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വെബ്‌സൈറ്റുകൾ: www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in.
മൊബൈൽ ആപ്പുകൾ: APHALAM 2023, iExaMS Kerala, PRD Live
ഹയർസെക്കൻഡറിയിൽ ആകെ 4,32,436 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 2,14,379 പേർ പെൺകുട്ടികളും 2,18,057 ആൺകുട്ടികളുമാണ്. ഹയർസെക്കൻഡറി ടെക്‌നിക്കൽ വിഷയമായെടുത്ത് 1753 വിദ്യാർഥികളും ആർട്‌സ് വിഭാഗത്തിൽ 64 വിദ്യാർഥികളും പരീക്ഷ എഴുതിയിരുന്നു. സ്‌കോൾ കേരള വഴി പരീക്ഷ എഴുതിയ 34,786 വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 19,698 വിദ്യാർഥികളും പരീക്ഷാഫലം കാത്തിരിക്കുന്നുണ്ട്.