national
'മോദി പണം നല്‍കുന്നത് അദാനിക്ക്'; അയോഗ്യനാക്കിയാലും ജയിലിലിട്ടാലും ഭയപ്പെടില്ലെന്ന് കോലാറില്‍ വീണ്ടും ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ബെംഗളൂരു: കോലാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. അദാനി വിഷയം മുന്‍നിര്‍ത്തിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. പ്രധാനമന്ത്രി അദാനിക്ക് പണം നല്‍കുന്നുവെന്നും എന്നാല്‍ കോണ്‍ഗ്രസ് ദരിദ്രര്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമാണ് നല്‍കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി കോലാറിലെത്തുന്നത്.
മോദി പൂര്‍ണമനസോടെ അദാനിയെ സഹായിക്കുമ്പോള്‍ കോണ്‍ഗ്രസ് പൂര്‍ണമനസോടെ ഇവിടുത്തെ ജനങ്ങളെയാണ് സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടി എന്തു കാര്യം ചെയ്താലും ഇവിടത്തെ ബിജെപി സര്‍ക്കാര്‍ 40 ശതമാനം കമ്മീഷന്‍ എടുക്കുമെന്നും രാഹുല്‍ കുറ്റപ്പെടുത്തി. എനിക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര്‍ക്ക് രണ്ടു തവണ കത്തെഴുതി. എന്നാല്‍ അവസരം നല്‍കിയില്ല. പാര്‍ലമെന്റില്‍ ആദാനി വിഷയം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ക്ക് ഭയമായിരുന്നുു. സാധാരണ പ്രതിപക്ഷമാണ് പാര്‍ലമെന്റ് തടസ്സപ്പെടുത്താറുള്ളതെന്നും എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ ബിജെപി സര്‍ക്കാര്‍ സമ്മതിച്ചില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും മോദി അദാനിക്ക് തീറെഴുതുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിമാനത്താവളങ്ങളുടെ നടത്തിപ്പിന് പരിചയം വേണമെന്ന് നിയമമുണ്ട്. ആ പ്രവര്‍ത്തി പരിചയം അദാനിക്കുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി ഏത് വിദേശ രാജ്യങ്ങളില്‍ പോയാലും അവിടത്തെ പ്രധാന കരാറുകള്‍ അദാനിക്ക് കിട്ടുമെന്നും രാഹുല്‍ പറഞ്ഞു. അദാനി വിഷയം പാര്‍ലമെന്റില്‍ ഉയരുമ്പോള്‍ മോദി ഭയക്കുന്നെന്നും അതിന് ശേഷമാണ് തന്നെ അയോഗ്യനാക്കിയതെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.
ബിജെപി വിചാരിച്ചിരിക്കുന്നത് തന്നെ അയോഗ്യനാക്കി ഭയപ്പെടുത്താമെന്നാണെന്നും അയോഗ്യനാക്കിയാലും ജയിലിലിട്ടാലും താന്‍ ഭയപ്പെടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം ധാരാളം വാഗ്ദാനങ്ങളും രാഹുല്‍ ഗാന്ധി സംസ്ഥാനത്തിനായി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സ്ത്രീകള്‍ക്ക് രണ്ടായിരം രൂപവെച്ച് എല്ലാ മാസവും ബിരുദമുളളവര്‍ക്ക് 3000 രൂപ വീതവും ഡിപ്ലോമയുളളവര്‍ക്ക് 1500 രൂപവെച്ചും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.