
kerala
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനം; പ്രതിദിനം 600 പേര്‍ക്ക് അവസരം
ഗുരുവായൂര്‍ നഗരസഭയിലെ കൊവിഡ് രോഗബാധ കുറഞ്ഞ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനത്തിന് അനുമതി. ഇന്നുമുതലാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. ഇതിനായി ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഉപയോഗിക്കും. ഗുരുവായൂര്‍ നഗരസഭയിലെ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിന് താഴെ എത്തിയ സാഹചര്യത്തിലാണ് തീരുമാനം.
പ്രതിദിനം 600 പേര്‍ക്കായിരിക്കും ദര്‍ശനത്തിന് അവസരം ഉണ്ടായിരിക്കുക. ഇവര്‍ക്ക് മാത്രമായിരിക്കും നാലമ്പലത്തിന് അകത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
അതേസമയം, വിവാഹങ്ങള്‍ നടത്താന്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഒരു ദിവസം 80 വിവാഹങ്ങള്‍ വരെ നടത്താനായിരുന്നു അനുമതി. ഒരു വിവാഹ സംഘത്തില്‍ 10 പേര്‍ക്ക് വീതം പങ്കെടുക്കാം. വാഹനപൂജ നടത്താനും അനുമതി നല്‍കിയിട്ടുണ്ട്.
അതിനിടെ, കര്‍ക്കിടമാസ പൂജകള്‍ക്കായി വെള്ളിയാഴ്ച നട തുറന്ന ശബരിമലയില്‍ ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നു. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെയാണ് പ്രവേശനം അനുവദിക്കുക. ഇതിനൊപ്പം ശബരിമലയില്‍ പ്രവേശിക്കാവുന്ന ഭക്തരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു. മുന്‍പ് 5000 പേര്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇത് 10,000ത്തിലേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്.
അനുമതി ലഭിച്ചവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ കൈയില്‍ കരുതണം.
നിലവിലെ ലോക്ഡൗണ്‍ ഇളവുകളനുസരിച്ച് വിശേഷദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശനം അനുവദിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്കാണ് പ്രവേശനനത്തിന് അനുമതി ലഭിക്കുക. നിശ്ചിത എണ്ണം പാലിക്കാന്‍ ആരാധനാലയങ്ങളുടെ ചുമതലപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.