kerala
'കൊച്ചിയില്‍ ആസിഡ് മഴയ്ക്ക് സാധ്യതയില്ല'; നടക്കുന്നത് വ്യാജപ്രചരണങ്ങളെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്
എറണാകുളം: ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ആസിഡ് മഴയ്ക്ക് സാധ്യതയില്ലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയണ്‍മെന്റല്‍ എഞ്ചിനീയര്‍ പി.ബി ശ്രീലക്ഷ്മി. ആസിഡ് മഴ സംബന്ധിച്ച ആശങ്കകള്‍ വേണ്ട. അന്തരീക്ഷത്തില്‍ സള്‍ഫര്‍ ഡയോക്‌സൈഡിന്റെ അളവ് വര്‍ധിക്കുമ്പോഴാണ് മഴയ്‌ക്കൊപ്പം ആസിഡിന്റെ സാന്നിധ്യം ഉണ്ടാകുന്നത്. അതിന് ഇവിടെ സാധ്യതയില്ല. കടമ്പ്രയാറിലെ വെള്ളവും പരിശോധിക്കുന്നുണ്ട്. സാമ്പിളുകളുടെ സെക്ടര്‍ പരിശോധനയാണ് നടത്തുന്നത്. 15 ദിവസത്തിനകം ഫലം ലഭിക്കുമെന്നും അത് ജനങ്ങളെ അറിയിക്കുമെന്നും ശ്രീലക്ഷ്മി പറഞ്ഞു. കടലിന്റെ സാമീപ്യമുള്ളതിനാല്‍ തീപിടിത്തവുമായി ബന്ധപ്പെട്ടുണ്ടായ പുക ഭൂരിഭാഗവും കാറ്റിനാല്‍ ഇല്ലാതായെന്നും ശ്രീലക്ഷ്മി പറഞ്ഞു.
'ആരോഗ്യ സേവനം തേടുന്നവരുടെ എണ്ണത്തില്‍ കുറവ്'ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് തൊണ്ടയ്ക്കും കണ്ണിനും അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ആരോഗ്യ സേവനം തേടുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.സവിത. ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നവര്‍ക്കായി ആരോഗ്യവകുപ്പ് മൊബൈല്‍ യൂണിറ്റ്, കണ്‍ട്രോള്‍ റൂമൂകള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശ്വാസ് ക്ലിനിക്കുകളുടെ സേവനം 11 അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും സമീപ ഗ്രാമ്രപഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്. പുക ശ്വസിച്ചതുമൂലം ആരോഗ്യപ്രശ്നം നേരിട്ടവരെ കണ്ടെത്തുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ആരോഗ്യ സര്‍വേ പുരോഗമിക്കുകയാണ്. സര്‍വേയോട് ജനങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡെപ്യൂട്ടി ഡി.എം.ഒ വ്യക്തമാക്കി. കൂടാതെ ക്യാമ്പുകളും സംഘടിപ്പിക്കുന്നു. കിടപ്പു രോഗികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും കെ.സവിത പറഞ്ഞു.
'ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് ഇനി അനുവദിക്കില്ല'
മാലിന്യ സംസ്‌ക്കരണത്തിന് അനുകരണീയ മാതൃകകള്‍ സ്വീകരിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഓഫീസര്‍ സുജിത് കരുണ്‍. പ്ലാസ്റ്റിക് ഇനി ബ്രഹ്മപുരത്ത് അനുവദിക്കില്ല. ജൈവ, അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് നല്‍കണം. ഉറവിട മാലിന്യ സംസ്‌ക്കരണമാണ് ഇനി നടപ്പിലാക്കുന്നത്. ജൈമാലിന്യങ്ങള്‍ വീടുകളില്‍ തന്നെ സംസ്‌ക്കരിക്കണമെന്നും അജൈവ മാലിന്യങ്ങള്‍ വൃത്തിയായി തരം തിരിച്ച് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പാല്‍ കവറുകള്‍, ഫുഡ് കവറുകള്‍ എന്നിവ കഴുകി നല്‍കാന്‍ കഴിയണം. കോര്‍പറേഷന്‍ പരിധിയില്‍ പ്പാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ക്ലീന്‍ കേരള കമ്പനി പ്രവര്‍ത്തനം തുടങ്ങി. ഹരിത കര്‍മ സേനയുടെ മാതൃകയില്‍ നഗരസഭയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.