Headlines
Loading...
ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി; ' ഇടതു എം.എൽ.എ എ.രാജ അയോഗ്യന്‍'

ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി; ' ഇടതു എം.എൽ.എ എ.രാജ അയോഗ്യന്‍'

കൊച്ചി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. ഇടത് സ്ഥാനാര്‍ത്ഥി എ രാജയുടെ തെരഞ്ഞെടുപ്പ് ഫലമാണ് ഹൈക്കോടതി റദ്ദാക്കിയത്. ദേവികുളം എംഎല്‍എ അഡ്വക്കേറ്റ് എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡി കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് മത്സരിച്ചതെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. എ രാജ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടയാളാണ് എന്നാണ് ഡി കുമാറിന്റെ ആരോപണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 7848 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഡി കുമാറിനെ രാജ തോല്‍പ്പിച്ചത്.

ക്രിസ്തുമത വിശ്വാസികളായ അന്തോണി - എസ്തർ ദന്പതികളുടെ മകനായി ജനിച്ച എ. രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്നും എ. രാജയുടെ ഭാര്യ ഷൈനി പ്രിയയും ക്രിസ്തുമത വിശ്വാസിയാണെന്നും ഇരുവരുടേയും വിവാഹം ക്രിസ്തുമത ആചാരപ്രകാരമാണ് നടന്നതെന്നുമായിരുന്നു ഡി കുമാറിൻറെ വാദം. ഇവരുടെ വിവാഹ ഫോട്ടോ മുഖ്യ തെളിവായി കോടതിയിൽ ഹാജരാക്കി. ചിത്രത്തിൽ താലിമാലയുടെ ലോക്കറ്റിൽ കുരിശ് ആലേഖനം ചെയ്തതായി കാണാം
രൂപീകൃതമായത് മുതല്‍ പട്ടികജാതി സംവരണ മണ്ഡലമാണ് ദേവികുളം. മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സിഎസ്‌ഐ പള്ളിയില്‍ മാമ്മോദീസാ സ്വീകരിച്ച ദമ്പതിമാരുടെ മകനാണ് രാജയെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അദ്ദേഹവും ഇതേ പള്ളിയില്‍ മാമ്മോദീസ സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിലാണ് ജീവിക്കുന്നതെന്നും കുമാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.ദേവികുളത്ത് ഇതോടെ ഉപതിരഞ്ഞെടുപ്പിനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്.പട്ടികജാതിക്കാരോട് സിപിഎം കാണിച്ച വഞ്ചനയാണ് ഹൈക്കോടതി വിധിയിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കള്ള സർട്ടിഫിക്കറ്റുമായി മത്സരിച്ച സിപിഎം ജനങ്ങളോട് മാപ്പ് പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.