
kerala
കടുപ്പിച്ച് പ്രതിപക്ഷം; കറുത്ത ഷര്‍ട്ടില്‍ എംഎല്‍എമാര്‍; പ്രതിഷേധം കാണാതെ സഭ ടിവി
തിരുവനന്തപുരം: നിയമസഭാ സമ്മേളനം പുനരാരംഭിച്ചപ്പോള്‍ കറുത്ത വസ്ത്രത്തിലെത്തി പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുത്ത വസ്ത്രവും മാസ്കും അടക്കം വിലക്കിയതടക്കമുള്ള നടപടികളില്‍ പ്രതിഷേധിച്ചാണ് എംഎല്‍എമാരുടെ നടപടി. ഷാഫി പറമ്പില്‍ അടക്കമുള്ള നേതാക്കള്‍ ഇന്ന് കറുത്ത ഷര്‍ട്ട് ധരിച്ചാണ് സഭയിലെത്തിയത്.
പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയിരിക്കുന്നത്. എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനെതിരായ പൊലീസ് നടപടിയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം നോട്ടീസ് നല്കി. ഷാഫി പറമ്പിലാണ് നോട്ടീസ് നല്‍കിയത്. സമരങ്ങളോട് ഇത്രയ്ക്ക് അസഹിഷ്ണുത പാടില്ലെന്ന് പറഞ്ഞ ഷാഫി, വടി വെട്ടിയിട്ടതേയുള്ളൂ അടി വരാന്‍ പോകുന്നേയുള്ളൂ എന്നും സഭയില്‍ പ്രതികരിച്ചു.
'അസഹിഷ്ണുതയുടെ മൊത്തക്കച്ചവടവുമായി സഭയില്‍ വന്നിരിക്കരുത്. നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയായി പിണറായി ഭരണം. എല്ലാത്തിനും നികുതി വര്‍ധിപ്പിച്ചിട്ട് സമരം ചെയ്യരുത് എന്ന് പറയാന്‍ ഞങ്ങള്‍ ആരുടെയും അടിമകളല്ല. പുന്നപ്ര വയലാര്‍ സമരത്തിന്റെ ഒക്കെയും ചരിത്രം പറയുന്നവര്‍ എന്തിനാണ് കറുത്ത തുണി കൊണ്ടുള്ള സമരത്തെ ഭയക്കുന്നത്. പ്രതിഷേധം തുടരുക തന്നെ ചെയ്യും', ഷാഫി പറമ്പില്‍ പറഞ്ഞു.
കറുപ്പിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കറുപ്പ് കണ്ടാല്‍ എന്താ വിരോധം എന്ന് ചോദിച്ച മുഖ്യമന്ത്രി പിണറായി വിജയന്, കറുപ്പ് കാണാന്‍ പാടില്ല, മാസ്ക് പാടില്ല എന്നതൊന്നും ഞങ്ങള്‍ സ്വീകരിച്ച നിലപാട് അല്ലെന്നും കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെ അപമാനിക്കാന്‍ ചില മാധ്യമങ്ങള്‍ ഇല്ലാക്കഥ പറയുകയാണ്. ജനപിന്തുണയില്ലാത്ത സമരമാണ് കേരളത്തില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.