kerala
ചിന്തയ്‌ക്കെതിരെ പരാതി നല്‍കിയ നേതാവിന് സംരക്ഷണം നല്‍കണം: ഹൈക്കോടതി
ആഡംബര റിസോർട്ടിലെ താമസം സംബന്ധിച്ച് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിന് തിങ്കളാഴ്ച വരെ സുരക്ഷ ഉറപ്പാക്കാൻ കൊട്ടിയം എസ്എച്ച്ഒക്കാണ് കോടതി നിർദേശം നൽകിയത്. ചിന്ത ജെറോം, റിസോർട്ടുടമ എന്നിവരിൽ നിന്നടക്കം ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിഷ്ണു നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
ആഡംബര റിസോർട്ടിലെ താമസത്തിനും മറ്റും 38 ലക്ഷത്തോളം രൂപ ചിന്ത ചിലവാക്കിയിട്ടുണ്ടെന്നും അതിനാൽ വരുമാന സ്രോതസ്സടക്കം പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് വിജിലൻസിനായിരുന്നു വിഷ്ണു പരാതി നൽകിയത്. പരാതി നൽകിയതിനു ശേഷം ചിന്തയുടെയും റിസോർട്ടുടമയുടെയും നിർദേശ പ്രകാരം പാർട്ടി നേതാക്കൾ തന്നെ മർദിച്ചതായും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. ഹർജിയിൽ സർക്കാരിന്റെ നിലപാട് തേടിയ ഹൈക്കോടതി കേസ് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.