national
കേന്ദ്ര ഏജന്‍സി വ്യാജമെന്ന് മുദ്രകുത്തുന്ന വാര്‍ത്ത മാധ്യമങ്ങള്‍ ഒഴിവാക്കണം: കരട് നിര്‍ദേശവുമായി ഐ ടി മന്ത്രാലയം; മാധ്യമങ്ങൾക്കുമേൽ സർക്കാർ ആധിപത്യമോ? ആശങ്ക പ്രകടിപ്പിച്ച് വിദഗ്ധർ
ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സിയായ പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി ഐ ബി) വ്യാജമെന്ന് മുദ്രകുത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഒഴിവാക്കണമെന്ന് ഐ ടി നിയമം, 2021 കരട് ഭേദഗതിയില്‍ വിവര, ഐ ടി മന്ത്രാലയം. സാമൂഹിക മാധ്യമങ്ങള്‍ അടക്കമുള്ളവയില്‍ നിന്ന് ഒഴിവാക്കേണ്ടിവരും. ജനുവരി 17നാണ് ഐ ടി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പുതിയ കരട് പ്രസിദ്ധീകരിച്ചത്.
ഓണ്‍ലൈന്‍ ഗെയിമിംഗുകള്‍ക്കുള്ള ചട്ടങ്ങളും കരടിലുണ്ട്. ഭാവിയില്‍ പി ഐ ബി മാത്രമായിരിക്കില്ല മറ്റ് സ്ഥാപനങ്ങളും വ്യാജമെന്ന് മുദ്രകുത്തുന്ന വാര്‍ത്തകള്‍ ഒഴിവാക്കേണ്ടി വരുമെന്നും കരട് ഭേദഗതിയിലെ വരികള്‍ക്കിടയിലുണ്ട്. ഫാക്ട് ചെക്കിംഗിന് സര്‍ക്കാര്‍ അധികാരപ്പെടുത്തുന്ന മറ്റ് ഏതെങ്കിലും ഏജന്‍സി തെറ്റിദ്ധാരണാജനകമെന്ന് അടയാളപ്പെടുത്തുന്ന ഉള്ളടക്കങ്ങള്‍ ഒഴിവാക്കണമെന്നാണ് ഭേദഗതിയിലുള്ളത്. ഹോസ്റ്റിംഗ് സര്‍വീസ് പ്രൊവൈഡര്‍മാര്‍, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്കും ഇത്തരം ഉള്ളടക്കം ഒഴിവാക്കാനുള്ള ഉത്തരവാദിത്വമുണ്ട്.
ഒരു വാര്‍ത്തയോ ഉള്ളടക്കമോ വ്യാജമാണോ അല്ലയോ എന്നതിലെ അവസാന വാക്ക് സര്‍ക്കാറാകുന്നു എന്ന് മാത്രമല്ല ഇതിന്റെ പ്രശ്‌നം. മറിച്ച്, വസ്തുതകള്‍ ശ്രദ്ധിക്കാതെ കേവലം സര്‍ക്കാര്‍ വക്താവ് എന്ന നിലക്കാണ് നിലവില്‍ പി ഐ ബിയുടെ ഫാക്ട് ചെക്കിംഗ് പ്രവര്‍ത്തനം. സര്‍ക്കാറും അതിന്റെ പദ്ധതികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പരിശോധിക്കുന്നതിന് 2019ലാണ് പി ഐ ബി ഫാക്ട് ചെക്കിംഗ് യൂനിറ്റ് സ്ഥാപിതമായത്. വസ്തുതകളുടെ പാതയിലല്ല, സര്‍ക്കാറിന്റെ ചവുട്ടടികളാണ് പി ഐ ബി ഫാക്ട് ചെക്കിംഗ് പിന്തുടരുന്നതെന്ന് 2020 മെയ് മാസം ന്യൂസ് ലോണ്ട്രി പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഏതൊക്കെ വാര്‍ത്തകളാണ് പി ഐ ബി ഫാക്ട് ചെയ്യാന്‍ തീരുമാനിക്കുക, ഏതൊക്കെ അവഗണിക്കും എന്നതും പ്രശ്‌നമാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാറിന്റെ പ്രതിച്ഛായ സംരക്ഷിക്കുക എന്നത് മാത്രമാണ് പി ഐ ബി ഫാക്ട് ചെക്കിംഗ് എന്നത് അവരുടെ രീതി ശ്രദ്ധിച്ചാല്‍ അറിയാം. രാഷ്ട്രീയ സ്വഭാവവും ബി ജെ പിക്ക് പ്രശ്‌നം സൃഷ്ടിക്കുന്നതുമായ ഉള്ളടക്കം തിരഞ്ഞെടുത്താണ് പി ഐ ബി ഫാക്ട് ചെക്കിംഗ് നടത്താറുള്ളത്. ഏത് വാര്‍ത്തയാണ് വ്യാജം/ യാഥാര്‍ഥ്യം എന്ന് തീരുമാനിക്കാന്‍ പി ഐ ബിയെ നിശ്ചയിക്കുന്നതിലൂടെ സര്‍ക്കാറിനെതിരായ വിവരങ്ങള്‍ നീക്കം ചെയ്യപ്പെടുന്ന സ്ഥിതിയാണുണ്ടാക്കുക. മറ്റെല്ലാ വ്യാജ വിവരങ്ങളും ഓണ്‍ലൈനില്‍ അനുവദിക്കപ്പെടുകയും ചെയ്യും.