വല്‍സാഡ്: ഗുജറാത്തിലെ വല്‍സാഡില്‍ തയ്യല്‍ക്കാരന് ലഭിച്ചത് 86 ലക്ഷത്തിന്റെ വൈദ്യുതി ബില്‍. ന്യൂ ഫാഷന്‍ ടെയ്‌ലര്‍ എന്ന തയ്യല്‍ക്കടയുടെ ഉടമ മുസ്ലീം അന്‍സാരിക്കാണ് കഴിഞ്ഞ ദിവസം ഇത്രയും വലിയ തുകയുടെ വൈദ്യുതി ബില്‍ ലഭിച്ചത്. ഇതോടെ അന്‍സാരി വൈദ്യുതി ബോര്‍ഡിനെ സമീപിക്കുകയും ചെയ്തു.
ബോര്‍ഡ് അധികൃതരെത്തി കടയിലെ മീറ്റര്‍ പരിശോധിച്ചു. മീറ്റര്‍ റീഡിങ്ങിനിടെ പറ്റിയ പിശകാണ് 86 ലക്ഷം രൂപയുടെ വൈദ്യുതി ബില്ലിന് പിന്നിലെന്ന് അധികൃതര്‍ കണ്ടെത്തിയതോടെ യഥാര്‍ഥ തുകയായ 1,540 രൂപയുടെ ബില്‍ അന്‍സാരിക്ക് കൈമാറിയതായി വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
സാധാരണയായി യു.പി.ഐ വഴിയാണ് അന്‍സാരി ബില്‍ അടയ്ക്കാറുള്ളത്. അതുകൊണ്ടുതന്നെ 86 ലക്ഷം രൂപയുടെ ബില്‍ കണ്ടപ്പോള്‍ ഒന്ന് ഞെട്ടിയതായും അന്‍സാരി പറയുന്നു.
കടയില്‍ സാധാരണയായി രണ്ടായിരം രൂപയില്‍ താഴെയാണ് വൈദ്യുതി ബില്‍ ലഭിക്കുന്നത്. സംഭവം അറിഞ്ഞ് ഒട്ടേറെ പേരാണ് കടയിലെത്തിയത്. ചിലര്‍ പഴയ ബില്ലിന്റെ ഫോട്ടോയും പകര്‍ത്തി മടങ്ങി. 32 ലക്ഷം ഉപഭോക്താക്കളുള്ള ദക്ഷിന്‍ ഗുജറാത്ത് വിജ് കമ്പനി ലിമിറ്റഡിന്റെ വൈദ്യുതിയാണ് അന്‍സാരി ഉപയോഗിക്കുന്നത്