ഹൈദരാബാദ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 12 റണ്‍സ് വിജയം. 350 റണ്‍സ് പിന്തുടര്‍ന്ന ന്യൂസീലന്‍ഡിനായി സെഞ്ചുറി നേടിയ ബ്രേസ്്വെല്‍ പൊരുതിയെങ്കിലും അവസാന ഓവറിലെ രണ്ടാം പന്തില്‍ പുറത്തായി. 337 റണ്‍സില്‍ കിവീസ് ഓള്‍ ഔട്ടായി. ബ്രേസ്്്വെല്‍ – സാന്റ്നര്‍ സെഞ്ചുറി കൂട്ടുകെട്ടാണ് കിവീസിനെ മല്‍സരത്തിലേയ്ക്ക് തിരികെയെത്തിച്ചത്. ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ടസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 349 റൺസ്. കിവീസിന്റെ മറുപടി 49.2 ഓവറിൽ 337 റൺസിൽ അവസാനിച്ചു. തകർത്തടിച്ച് സെഞ്ചുറി നേടിയ മൈക്കൽ ബ്രേസ്‌വെൽ 77 പന്തിൽ 140 റൺസുമായി ഏറ്റവും ഒടുവിൽ പുറത്തായി. അവസാന ഓവറിൽ വിജയത്തിലേക്ക് 20 റൺസ് വേണ്ടിയിരിക്കെ, ഷാർദുൽ ഠാക്കൂറിനെതിരെ സിക്സറുമായി തുടക്കമിട്ട ബ്രേസ്‌വെൽ അടുത്ത പന്തിൽ എൽബിയിൽ കുരുങ്ങിയതാണ് കിവീസിന് തിരിച്ചടിയായത്. 10 ഓവറിൽ 46 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമായി തിരിച്ചത്. വിജയത്തോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.
ഇരട്ടസെഞ്ചറിയുമായി ഗിൽ പുറത്തെടുത്ത ഒറ്റയാൾ പോരാട്ടത്തിന്, മൈക്കൽ ബ്രേസ്‌വെൽ – മിച്ചൽ സാന്റ്നർ കൂട്ടുകെട്ടിലൂടെ കിവീസ് നടത്തിയ പോരാട്ടമാണ് മത്സരം ആവേശകരമാക്കിയത്. 350 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുമ്പോൾ ഒരു ഘട്ടത്തിൽ ആറിന് 131 റൺസെന്ന നിലയിൽ തകർന്ന കിവീസിനെ, ഏഴാം വിക്കറ്റിലെ ഉജ്വല സെഞ്ചുറി കൂട്ടുകെട്ടുമായാണ് ഇരുവരും താങ്ങിനിർത്തിയത്. 71 പന്തുകൾ നേരിട്ട ബ്രേസ്‌വെൽ 123 റൺസെടുത്ത് പുറത്തായി. ഇതിനിടെ നേടിയത് 11 ഫോറും എട്ടു സിക്സറും. സാന്റ്നറാകട്ടെ, 45 പന്തിൽ ഏഴു ഫോറുകളോടെ 57 റൺസെടുത്തും പുറത്തായി. വെറും 57 പന്തിൽനിന്നാണ് ബ്രേസ‌്‌വെൽ ഏകദിനത്തിലെ രണ്ടാം സെഞ്ചറി തികച്ചത്. ഏകദിന കരിയറിൽ താരത്തിന്റെ 17–ാമത്തെ മാത്രം മത്സരമാണിത്. 11 ഫോറും ആറു പടുകൂറ്റൻ സിക്സറും സഹിതമാണ് ബ്രേസ്‌വെൽ സെഞ്ചറിയിലെത്തിയത്. മുഹമ്മദ് ഷമിക്കെതിരെ നേടിയ പടുകൂറ്റൻ സിക്സറിലൂടെയാണ് താരം മൂന്നക്കത്തിലെത്തിയത്. 29–ാം ഓവറിൽ തോൽവി ഉറപ്പിച്ച ഘട്ടത്തിൽ ക്രീസിൽ ഒരുമിച്ച ശേഷം ടീമിനെ വിജയസാധ്യതകളിലേക്ക് കൈപിടിച്ചു കയറ്റിയാണ് ഇവരുടെ കൂട്ടുകെട്ട് പിരിഞ്ഞത്. അതിനിടെ ഇരുവരും നേരിട്ടത് 102 പന്തുകൾ. അടിച്ചുകൂട്ടിയത് 162 റൺസ്. ഏകദിനത്തിൽ ന്യൂസീലൻഡിന്റെ ഉയർന്ന ഏഴാം വിക്കറ്റ് കൂടിയാണിത്.
ഇവർക്കു പുറമെ ന്യൂസീലൻഡ് നിരയിൽ തിളങ്ങിയത് ഓപ്പണർ ഫിൻ അലൻ (39 പന്തിൽ 40), ടോം ലാഥം (46 പന്തിൽ 24) എന്നിവർ മാത്രം. ഓപ്പണർ ഡിവോൺ കോൺവേ (16 പന്തിൽ 10), ഹെൻറി നിക്കോൾസ് (31 പന്തിൽ 18), ഡാരിൽ മിച്ചൽ (12 പന്തിൽ ഒൻപത്), ടോം ലാഥം (46 പന്തിൽ 24), ഗ്ലെൻ ഫിലിപ്സ് (20 പന്തിൽ 11), ഹെൻറി ഷിപ‌്‌ലി (0), ലോക്കി ഫെർഗൂസൻ (ഏഴു പന്തിൽ എട്ട്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഏഴാം വിക്കറ്റിലെ ബ്രേസ്‌വെൽ – സാന്റ്നർ സെഞ്ചറി കൂട്ടുകെട്ട് കഴിഞ്ഞാൽ കിവീസ് നിരയിലെ ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിലാണ്. നിക്കോൾസും ഫിൻ അലനും ചേർന്ന്് 43 പന്തിൽ കൂട്ടിച്ചേർത്തത് 42 റൺസ്.
ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് 10 ഓവറിൽ 46 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. കുൽദീബ് യാദവ് എട്ട് ഓവറിൽ 43 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് ഷമി 10 ഓവറിൽ 69 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. ഹാർദിക് പാണ്ഡ്യ ഏഴ് ഓവറിൽ 70 റൺസ് വഴങ്ങിയും ഒരു വിക്കറ്റ് വീഴ്ത്തി. ഏഴ് ഓവർ എറിഞ്ഞ വാഷിങ്ടൻ സുന്ദർ 50 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. നേരത്തേ, ഇരട്ടസെഞ്ചുറിയുമായി ഓപ്പണർ ശുഭ്മൻ ഗിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 149 പന്തുകൾ നേരിട്ട ശുഭ്മൻ ഗിൽ 208 റൺസെടുത്താണ് പുറത്തായത്. ഗില്ലിന്റെ ഒറ്റയാൾ പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 349 റൺസ്. 87 പന്തിൽ നിന്ന് സെഞ്ചുറി നേടിയ ഗിൽ, അടുത്ത 58 പന്തുകളിൽനിന്നാണ് ഇരട്ട സെഞ്ചറി തികച്ചത്. 150 റൺസിൽനിന്ന് 200 ലേക്കെത്താൻ താരത്തിനു വേണ്ടിവന്നത് വെറും 23 പന്തുകൾ മാത്രം.
ഇതോടെ ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരം കൂടിയായി ഗിൽ. 23 വയസ്സുമാത്രം പ്രായമുള്ള ഗിൽ പിന്നിലാക്കിയത് ഇന്ത്യൻ താരം ഇഷാൻ കിഷനെയാണ്. കിവീസിനെതിരായ തകർപ്പൻ പ്രകടനത്തോടെ ഏകദിനത്തിൽ ഏറ്റവും കുറച്ചു മത്സരങ്ങളിൽനിന്ന് 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടവും ഗില്ലിന്റെ പേരിലായി. 19 മത്സരങ്ങളിൽനിന്നാണ് ഗിൽ 1000 കടന്നത്. തൊട്ടുപിന്നിലുള്ള വിരാട് കോലി 1000 റൺസ് കടക്കാൻ 24 ഏകദിന മത്സരങ്ങളെടുത്തിരുന്നു.
ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ രോഹിത് ശർമ (38 പന്തിൽ 34), വിരാട് കോലി (10 പന്തിൽ എട്ട്), ഇഷാൻ കിഷൻ (14 പന്തിൽ അഞ്ച്), സൂര്യകുമാർ യാദവ് (26 പന്തിൽ 31), ഹാർദിക് പാണ്ഡ്യ (38 പന്തില്‍ 28), വാഷിങ്ടൻ സുന്ദർ (14 പന്തിൽ 12), ഷാര്‍ദൂൽ ഠാക്കൂർ (മൂന്ന് പന്തിൽ മൂന്ന്) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങളുടെ പ്രകടനങ്ങൾ. മികച്ച തുടക്കമാണ് ഓപ്പണർമാർ ഇന്ത്യയ്ക്കു നൽകിയത്. ഒന്നാം വിക്കറ്റിൽ 60 റൺസ് രോഹിതും ഗില്ലും ചേർന്നു കൂട്ടിച്ചേർത്തു. ബ്ലെയർ ടിക്നറിന്റെ പന്തിൽ ഡാരിൽ മിച്ചൽ ക്യാച്ചെടുത്താണ് ഇന്ത്യൻ ക്യാപ്റ്റന്റെ പുറത്താകൽ. കോലിയും ഇഷാനും നിരാശപ്പെടുത്തി. കോലി മിച്ചൽ സാന്റ്നറുടെ പന്തിൽ ബോൾഡായപ്പോൾ, ഇഷാൻ ലോക്കി ഫെർഗൂസന്റെ പന്തിൽ വിക്കറ്റ് കീപ്പർ ടോം ലാതം ക്യാച്ചെടുത്തു പുറത്തായി. നാലു ബൗണ്ടറുകളോടെ 31 റൺസെടുത്ത സൂര്യകുമാർ യാദവിന്റെ വിക്കറ്റ് ഡാരിൽ മിച്ചലിനാണ്. മിച്ചൽ സാന്റ്നർ ക്യാച്ചെടുത്താണു സൂര്യയെ പുറത്താക്കിയത്. 32.4 ഓവറിൽ ഇന്ത്യ 200 റൺസ് പിന്നിട്ടു. പാണ്ഡ്യയെ പുറത്താക്കി ഡാരിൽ മിച്ചൽ വിക്കറ്റ് നേട്ടം രണ്ടാക്കി. വാഷിങ്ടൻ സുന്ദറിനും ഷാർദൂൽ ഠാക്കൂറിനും തിളങ്ങാനായില്ല. 50–ാം ഓവറിലാണ് ഗിൽ പുറത്തായത്. ഹെൻറി ഷിപ്‍ലിയുടെ പന്തിൽ ഗ്ലെൻ ഫിലിപ്സ് ക്യാച്ചെടുത്താണു ഗിൽ മടങ്ങിയത്.