Headlines
Loading...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി അന്തരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി അന്തരിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യു എൻ മേത്ത ആശുപത്രിയിൽ പുലർച്ചെ മൂന്നരയോടെ ആയിരുന്നു അന്ത്യം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന്  ചൊവ്വാഴ്ചയാണ് ഹീരാബെൻ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ച രാവിലെ 6:20 ന്  പ്രധാനമന്ത്രി  ട്വിറ്ററിലൂടെയാണ് മാതാവിന്റെ മരണവിവരം അറിയിച്ചത്. മഹത്തായ ഒരു നൂറ്റാണ്ടിന്റെ ജീവിതം ഈശ്വരപാദങ്ങളിലേക്ക് യാത്രയായെന്ന് മോദി പറഞ്ഞു. ഒരു സന്യാസിയുടെ യാത്രയും നിസ്വാർത്ഥ കർമ്മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉൾപ്പെടുന്ന ആ ത്രിത്വം അമ്മയിൽ തനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി എഴുതി.


മരണവിവരം അറിഞ്ഞ് പ്രധാനമന്ത്രി അഹമ്മദാബാദിലെത്തി. അമ്മയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ഗാന്ധിനഗറിലെ റെയ്‌സൻ ഗ്രാമത്തിലുള്ള ഭായ് പങ്കജ് മോദിയുടെ വീട്ടിലെത്തിയ അദ്ദേഹം, അമ്മയുടെ മൃതദേഹം തോളിലേറ്റി വിലാപയാത്രയിൽ പങ്കെടുത്തു. സെക്ടർ-30 ൽ സ്ഥിതി ചെയ്യുന്ന ശ്മശാനത്തിൽ ആണ് സംസ്കാരം.

പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തി മാതാവിനെ സന്ദർശിച്ചിരുന്നു. അതേസമയം, മുൻനിശ്ചയപ്രകാരമുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾക്ക് മാറ്റമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.