Headlines
Loading...
'ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ആളപായമില്ല, സൈനികര്‍ പ്രതിരോധിച്ചത് നിശ്ചയദാര്‍ഢ്യത്തോടെ'; കേന്ദ്ര പ്രതിരോധ മന്ത്രി

'ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ആളപായമില്ല, സൈനികര്‍ പ്രതിരോധിച്ചത് നിശ്ചയദാര്‍ഢ്യത്തോടെ'; കേന്ദ്ര പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ നടന്ന ഇന്ത്യ - ചൈന സംഘര്‍ഷത്തില്‍ ആളപായമുണ്ടായിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ്. ആര്‍ക്കും വലിയ പരുക്കുകള്‍ സംഭവിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ചേര്‍ന്ന ലോക്‌സഭാ സമ്മേളനത്തില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രതിരോധമന്ത്രിയുടെ പ്രതികരണം.
ഡിസംബര്‍ ഒമ്പതിന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തവാങ് സെക്ടറില്‍ അതിര്‍ത്തി ലംഘിച്ച് കടക്കാന്‍ ശ്രമിച്ചതിനെ ഇന്ത്യന്‍ സൈനികര്‍ തടയുകയായിരുന്നു. ഇന്ത്യ-ചൈന ഏറ്റുമുട്ടലില്‍ ഇരുഭാഗത്തുമുള്ള സൈനികര്‍ക്ക് ചെറിയ പരുക്കുകള്‍ ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. ആറ് ഇന്ത്യന്‍ സൈനികര്‍ക്കാണ് പരുക്കേറ്റത്. ഗുവാഹത്തിയിലുള്ള ആശുപത്രിയിലേക്ക് ഇവരെ ചികിത്സക്കായി മാറ്റിയിരുന്നു.

'തവാങ് സെക്ടറിലെ യാങ്ട്‌സി പ്രദേശത്ത് പിഎല്‍എ സൈന്യം അതിക്രമിച്ച് കയറാന്‍ ശ്രമിച്ചിരുന്നു. നമ്മുടെ സൈന്യം നിശ്ചയദാര്‍ഢ്യത്തോടെയാണ് ആക്രമണത്തെ നേരിട്ടത്. കൂടാതെ പ്രദേശത്ത് അതിക്രമിച്ച് കയറുന്നതില്‍ നിന്ന് ധൈര്യപൂര്‍വ്വം തടയുകയും അവരെ പോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു,' പ്രതിരോധ മന്ത്രി പറഞ്ഞു
ഇന്ത്യന്‍ മിലിട്ടറി കമാന്‍ഡറുടെ സമയോചിതമായ ഇടപെടല്‍ ചൈനീസ് സൈനികരുടെ പിന്‍വാങ്ങലിന് കാരണമായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 11ന് പ്രാദേശിക കമാന്‍ഡര്‍ ചൈനയുടെ സൈനിക ഉദ്യോഗസ്ഥരുമായി സമവായ ചര്‍ച്ച നടത്തിയിരുന്നു. ഇത്തരം നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കാനും അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താനും ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്ര ചര്‍ച്ചയിലൂടെ ഇന്ത്യയുടെ ആവശ്യം ചൈനീസ് പക്ഷത്തെ അറിയിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സമഗ്രത സംരക്ഷിക്കാന്‍ സൈന്യത്തിന് കഴിയുമെന്നും ഏത് നിയമലംഘനങ്ങളും നേരിടാന്‍ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.