
national
എയിംസിലെ ഡാറ്റാ ഹാക്ക് ചെയ്തതിന് പിന്നില്‍ ചൈന; ഗുരുതര സുരക്ഷാ വീഴ്ച്ച സംഭവിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം
ന്യൂഡല്‍ഹി: ഡല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ സെര്‍വ്വറുകള്‍ ഹാക്ക് ചെയ്യപ്പെട്ടത് ചൈനയില്‍ നിന്നാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. ഹാക്ക് ചെയ്യപ്പെട്ട ഡാറ്റകള്‍ വീണ്ടടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.കഴിഞ്ഞ മാസം 23-ാം തീയതിയായിരുന്നു ഹാക്കിങ്ങ് നടന്നത്.ആകെയുണ്ടായിരുന്ന 100 സെര്‍വ്വറുകളില്‍ അഞ്ചെണ്ണത്തിലെ വിവരങ്ങളാണ് ഹാക്ക് ചെയ്യപ്പെട്ടത്. അപ്പോയ്‌മെന്റ്, ബില്ലിങ്ങ്, റിപ്പോര്‍ട്ട് സിസ്റ്റങ്ങളിലെ വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടത്. തുടര്‍ന്ന് എയിംസിലെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടിരുന്നു. ഒരാഴ്ച്ചയോളമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായത്. സൈബര്‍ വീഴ്ച്ച റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രണ്ട് സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍മാരെ എയിംസ് സസ്‌പെന്‍ഡ് ചെയ്തു. ഡല്‍ഹി ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്റ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്എസ്ഒ) ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
പ്രമുഖരായ പല വ്യക്തികളും ചികിത്സ തേടുന്ന എയിംസില്‍ സൈബര്‍ രംഗത്തുണ്ടായ വീഴ്ച്ചയെ ഗുരുതര ക്രമക്കേടായാണ് കണക്കാക്കുന്നത്. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളും ജഡ്ജ്മാരും അടക്കം സന്ദര്‍ശിക്കുന്ന ആശുപത്രിയില്‍ ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ച്ച സംഭവിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ ആശുപത്രിയിലെ വിവര ശേഖരണമെല്ലാം ഓഫ്‌ലൈനില്‍ ആക്കിയിരുന്നു. സെര്‍വ്വറിലെ ഡാറ്റകള്‍ തിരിച്ചുപിടിച്ചെങ്കിലും ഉടനടി ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളിലേക്ക് മാറില്ലെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി.