Headlines
Loading...
മിതമായ വില, മികച്ച ക്വാളിറ്റി; ജവാന്‍ റം പോലെ 'മലബാര്‍ ബ്രാന്‍ഡി'യുമായി സര്‍ക്കാര്‍

മിതമായ വില, മികച്ച ക്വാളിറ്റി; ജവാന്‍ റം പോലെ 'മലബാര്‍ ബ്രാന്‍ഡി'യുമായി സര്‍ക്കാര്‍

തിരുവനന്തപുരം: അടിക്കടിയുള്ള മദ്യവില വര്‍ധനവിന് ഇടയിലും സാധാരണക്കാരായ മദ്യ ഉപഭോക്താക്കള്‍ക്ക് ചെറിയ ആശ്വാസമായി തുടരുന്ന മദ്യമാണ് ജവാന്‍ റം. തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് ഉല്‍പാദിപ്പിക്കുന്ന ജവാന്‍ ഒരു ലിറ്ററിന് 600 രൂപയാണ് വില. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ബജറ്റില്‍ ഒതുങ്ങുമെന്നതിനാല്‍ മിക്ക ബിവറേജസ് ഔട്‌ലറ്റുകളിലും ജവാന്‍ ലോഡ് എത്തി അധികം വൈകാതെ തന്നെ വിറ്റഴിക്കപ്പെടാറുണ്ട്. 'ജവാന്‍ ഇല്ല' എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കല്‍ ബിവറേജുകളിലെ പതിവ് കാഴ്ച്ചയുമാണ്.

ജനപ്രിയ റമ്മിന് പിന്നാലെ ജനപ്രിയ ബ്രാന്‍ഡി രംഗത്തിറങ്ങാനുള്ള പദ്ധതിയിലാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ മേഖലയിലെ മദ്യ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. പാലക്കാട് ചിറ്റൂരിലെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നാകും മലബാര്‍ ബ്രാന്‍ഡിയുടെ വരവ്. പൂട്ടിപ്പോയ ചിറ്റൂര്‍ ഷുഗര്‍ മില്ല് ഡിസ്റ്റിലറി ആക്കി മാറ്റും. മദ്യ ഉല്‍പാദനത്തിന് വേണ്ട സര്‍ക്കാര്‍ അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായിക്കഴിഞ്ഞു. വരുന്ന ഡിസംബര്‍ ഒന്നിന് ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡാണ് നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

പ്ലാന്റ് നിര്‍മ്മാണം 2023 മാര്‍ച്ചിന് മുന്‍പ് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. മാസത്തില്‍ 3.5 ലക്ഷം കെയ്‌സ് ബ്രാന്‍ഡി ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ ഘട്ടത്തില്‍ അഞ്ച് ഉല്‍പാദന ലൈനുകള്‍ സജ്ജമാക്കും. അടുത്ത വര്‍ഷം ഓണത്തോടെ മലബാര്‍ ബ്രാന്‍ഡി വിപണിയിലെത്തും. 20 കോടി രൂപയാണ് ഡിസ്റ്റിലറി നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. സഹകരണ മേഖലയില്‍ 1965ലാണ് ചിറ്റൂര്‍ ഷുഗര്‍ മില്‍ പ്രവര്‍ത്തനം തുടങ്ങിയത്. 2003ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ സ്ഥാപനം മറ്റൊരു രൂപത്തില്‍ തിരിച്ചുവരികയുമാണ്.