Headlines
Loading...
സ്വിസ് കോട്ടക്കും കാനറിപ്പക്ഷികളുടെ വിജയക്കുതിപ്പ് തടയാനായില്ല

സ്വിസ് കോട്ടക്കും കാനറിപ്പക്ഷികളുടെ വിജയക്കുതിപ്പ് തടയാനായില്ല

ദോഹ: തുടര്‍ച്ചയായ രണ്ടാം ജയത്തിലൂടെ അനായാസം പ്രിക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാക്കി ബ്രസീല്‍. ഏകപക്ഷീയമായ ഒരു ഗോളിന് സ്വിറ്റ്‌സര്‍ലാന്‍ഡിനെയാണ് കാനറികള്‍ പരാജയപ്പെടുത്തിയത്. കളിയുടെ അവസാനഘട്ടത്തിലാണ് ഗോള്‍ വീണത്.

മത്സരത്തിലുടനീളം നിരവധി സുവര്‍ണാവസരങ്ങള്‍ ബ്രസീലിന് ലഭിച്ചിരുന്നു. എന്നാല്‍ ഫിനിഷിംഗില്‍ പരാജയപ്പെട്ടു. 64ാം മിനുട്ടിലൂടെ ത്രസിപ്പിക്കുന്ന മുന്നേറ്റത്തിലൂടെ വിനീഷ്യസ് ജൂനിയര്‍ സ്വിസ്സ് ഗോള്‍വല ചലിപ്പിച്ചെങ്കിലും വാറില്‍ ഓഫ് സൈഡാണെന്ന് തെളിയുകയായിരുന്നു.


83ാം മിനുട്ടിലാണ് ബ്രസീല്‍ കാണികള്‍ കാത്തിരുന്ന ഗോളെത്തിയത്. റോഡ്രിഗോയുടെ പാസ്സില്‍ കാസെമീരോ വലതുകാലന്‍ അടിയിലൂടെ ഗോളാക്കുകയായിരുന്നു. പന്ത് കൂടുതല്‍ സമയം ബ്രസീല്‍ താരങ്ങളുടെ കാലിലായിരുന്നെങ്കിലും സ്വിറ്റ്‌സര്‍ലാന്‍ഡും ഒട്ടും പിന്നിലായിരുന്നില്ല. എന്നാല്‍ ഷോട്ടുകളുടെ കാര്യത്തില്‍ ബ്രസീല്‍ ഏറെ മുന്നിലായിരുന്നു.

മത്സരത്തിനിടെ രണ്ട് മഞ്ഞക്കാർഡുകൾ മാത്രമാണ് ഇവാൻ ആഴ്സിഡെസിന് ഉയർത്തേണ്ടി വന്നത്. ഇരുടീമംഗങ്ങൾക്കും ഓരോന്നുവീതം ലഭിച്ചു. സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് ബ്രസീല്‍ ഇന്നിറങ്ങിയത്. സെര്‍ബിയക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് ബ്രസീല്‍ ജയിച്ചിരുന്നു.