kerala
ഹയര്‍ സെക്കണ്ടറി പരീക്ഷ മാനുവല്‍ പുതുക്കി; നിരീക്ഷണ സ്ക്വാഡുകൾ രൂപീകരിക്കുമെന്ന് വി ശിവൻകുട്ടി
ഹയർ സെക്കണ്ടറി പരീക്ഷ മാനുവൽ പുതുക്കി വിദ്യാഭ്യാസ വകുപ്പ്. 2005 ൽ തയ്യാറാക്കിയ പരീക്ഷ മാനുവലാണ് കാലോചിതമായ മാറ്റങ്ങളോടെ പ്രസിദ്ധീകരിച്ചത്. പരീക്ഷകൾ കുറ്റമറ്റതാക്കാൻ നിരീക്ഷണ സക്വാഡ് രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പുനർമൂല്യനിർണയം സംബന്ധിച്ച് സമഗ്രമായ മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ പരീക്ഷ മാനുവല്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും പകര്‍പ്പ് എല്ലാ സ്കൂളുകള്‍ക്കും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
17 വർഷത്തിന് ശേഷമാണ് ഹയർസെക്കണ്ടറി പരീക്ഷ മാനുവൽ പുതുക്കുന്നത്. പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന് അധ്യാപകരുടെ പൂള്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്ന ഉത്തരക്കടലാസുകള്‍ ഇരട്ട മൂല്യനിര്‍ണയത്തിന് വിധേയമാക്കും. പുനർമൂല്യനിർണയത്തിന് വിധേയമാക്കുന്ന ഉത്തരക്കടലാസുകളില്‍ 10 ശതമാനം മാര്‍ക്കില്‍ താഴെയാണ് ലഭിക്കുന്നതെങ്കില്‍ ഇരട്ടമൂല്യനിര്‍ണയത്തിന്‍റെ ശരാശരിയെടുക്കും. പരമാവധി മാര്‍ക്കിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ വ്യത്യാസം വന്നാല്‍ മൂന്നാമതും മൂല്യ നിര്‍ണയത്തിന് വിധേയമാക്കാനും പുതുക്കിയ മാനുവലിൽ പറയുന്നു.
മൂന്നാം മൂല്യനിർണയത്തിൽ ലഭിക്കുന്ന സ്കോറിന്റേയും ഇരട്ട മൂല്യ നിര്‍ണയത്തിലെ സ്കോറിന്‍റേയും ശരാശരി നല്‍കും. ആദ്യം ലഭിച്ച മാര്‍ക്കിനേക്കാൾ കുറവാണ് പുനർമൂല്യനിര്‍ണയത്തിലെ മാർക്കെങ്കിൽ ആദ്യം ലഭിച്ചത് നിലനിര്‍ത്തും. പരീക്ഷക്ക് ശേഷം ചോദ്യപേപ്പറും ഉത്തരസൂചികയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
രണ്ടാംവര്‍ഷ തിയറി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിക്ക് എന്തെങ്കിലും കാരണത്താൽ പ്രായോഗിക പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നാല്‍ സേ പരീക്ഷയില്‍ പ്രായോഗിക പരീക്ഷ മാത്രമായി എഴുതാന്‍ അനുവദിക്കും. സർട്ടിഫിക്കറ്റിൽ ഗ്രേസ് മാർക്ക് പ്രത്യേകം രേഖപ്പെടുത്തും.
പുതുക്കിയ മാനുവൽ പ്രകാരം മൂല്യനിർണയം കഴിഞ്ഞ ഉത്തരക്കടലാസുകൾ സൂക്ഷിക്കുന്നതിന്റെ കാലാവധി രണ്ടു വർഷത്തിൽ നിന്നും ഒരു വർഷമായി കുറച്ചിട്ടുണ്ട്.