Headlines
Loading...
കരച്ചിലിന് വിട, ചിരിച്ച് കൊണ്ട് മെസ്സിയുടെ കുട്ടി ആരാധകന്‍ നിബ്രാസ് ഖത്തറിലേക്ക്

കരച്ചിലിന് വിട, ചിരിച്ച് കൊണ്ട് മെസ്സിയുടെ കുട്ടി ആരാധകന്‍ നിബ്രാസ് ഖത്തറിലേക്ക്

കാസര്‍ഗോഡ്: ഖത്തര്‍ ലോകകപ്പ് മല്‍സരത്തില്‍ അര്‍ജന്റീനയുടെ അപ്രതീക്ഷിത തോല്‍വിയില്‍ നൊമ്പരപ്പെട്ട് അനേകായിരം ആരാധകരുടെ കൂട്ടത്തില്‍ ഒരു കുട്ടി ആരാധകന്‍ ഉണ്ടായിരുന്നു. സമൂഹ മാധ്യമങ്ങൡ വൈറലായി മാറിയ നിബ്രാസ് തന്റെ ഇഷ്ടതാരത്തെ നേരിട്ട് കാണാന്‍ ഖത്തറിലേക്ക് പറക്കും. കണ്ടു നില്‍ക്കുന്ന ആരിലും നൊമ്പരം ഉണര്‍ത്തിയും ബ്രസീല്‍ ആരാധകരെ പോലും വിഷമത്തിലാഴ്ത്തിയും ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു കാസര്‍ഗോഡ് സ്വദേശി നിബ്രാസ് എന്ന എട്ടാം ക്ലാസ്സുകാരന്‍. നിബ്രാസിന് ആശ്വാസം പകര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയും സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതോടെ ഈ കൊച്ചു കൂട്ടുകാരന്‍ താരമായി മാറിയിരുന്നു. ഇപ്പോഴിതാ ആരാധന കഥാപാത്രത്തിനെ നേരില്‍ കാണാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് നിബ്രാസ്. പയ്യന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സിയാണ് നിബ്രാസിനെ ഖത്തറിലെത്തിക്കുന്നത്.

കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയാണ് നിബ്രാസ്. 'ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല' എന്ന നിബ്രാസിന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ മെക്‌സിക്കോയെ 20ന് തകര്‍ത്ത് അര്‍ജന്റീന പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തിയപ്പോള്‍ മറ്റൊരു സന്തോഷം കൂടി നിബ്രാസിനെ തേടിയെത്തി. എന്നാല്‍ മധുരത്തിന്റെ കൂടെ ഇരട്ടിമധുരമെന്നത് പോലെ വളരെയധികം സന്തോഷത്തിലാണ് നിബ്രാസ്. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ മത്സരം കാണാന്‍ ഖത്തറിലേക്ക് പറക്കാനുള്ള അവസരമാണ് നിബ്രാസിന് വന്നുചേര്‍ന്നിരിക്കുന്നത്.

വീഡിയോ വൈറല്‍ ആയതിന് പിന്നാലെ നിരവധി ഫുട്‌ബോള്‍ ആരാധകരാണ് നിബ്രാസിനെ കാണാനായി എത്തുന്നത്. തൃക്കരിപ്പൂര്‍ മണിയനോടി കദീജയുടെയും നൗഫലിന്റെയും മകനാണ് ഉദിനൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ നിബ്രാസ്. ഗ്രൂപ്പ് സിയില്‍ നാല് പോയിന്റുള്ള പോളണ്ടിന് പിന്നില്‍ മൂന്ന് പോയിന്റുമായി രണ്ടാമതാണ് ലിയോണല്‍ മെസിയുടെ അര്‍ജന്റീന. ഡിസംബര്‍ ഒന്നിന് പോളണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അര്‍ജന്റീന പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.