Ukraine vs Russia
യുക്രൈനിലെ പ്രധാന നഗരങ്ങളിലൊന്ന് പിടിച്ചെടുത്ത് റഷ്യൻ സൈന്യം
യുക്രൈനിലെ പ്രധാന നഗരങ്ങളിലെന്ന് പിടിച്ചെടുത്ത് റഷ്യൻ സേന. വടക്കൻ യുക്രൈനിലെ തുറമുഖ നഗരമായ ഖേർസൺ ആണ് റഷ്യയുടെ അധീനതയിലായിരിക്കുന്നത്. റഷ്യൻ സൈന്യം സിറ്റി കൗൺസിൽ കെട്ടിടത്തിലേക്ക് കടന്നു കയറുകയും നഗരത്തിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തതതായി ഖേർസൺ മേയർ ഇഗോർ കോലിഖേവ് പറഞ്ഞു. റഷ്യ പിടിച്ചെടുക്കുന്ന യുക്രൈനിലെ ആദ്യ പ്രധാന നഗരങ്ങളിലൊന്നാണ് ഖേർസൺ. യുക്രൈനിന്റെ തെക്കൻ കരിങ്കടൽ തീരത്തുള്ള ഈ തുറമുഖ നഗരത്തിൽ 280,000 മാണ് ജനസംഖ്യ.
ജനങ്ങൾക്ക് മേൽ വെടിയുതിർക്കരുതെന്ന് റഷ്യൻ സൈന്യത്തോട് മേയർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ റഷ്യൻ സൈന്യത്തിന്റെ നിബന്ധനകൾ അനുസരിക്കാനും അദ്ദേഹം നഗരത്തിലെ ജനങ്ങളോട് ആവശ്യപ്പെട്ടു.യുക്രൈനിലേക്കുള്ള ആക്രമണം റഷ്യ തുടർന്നു കൊണ്ടിരിക്കുകയാണ്. ആക്രമണത്തിൽ ഇതുവരെ 2000 സിവിലിയൻസ് കൊല്ലപ്പെട്ടു. യുക്രൈനിൽ നിന്നും 10 ലക്ഷം പേർ മറ്റ് രാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. യുഎന്നാണ് കണക്കുകൾ പുറത്തു വിട്ടത്.യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖർകീവിലും കഴിഞ്ഞ ദിവസം വലിയ തോതിൽ റഷ്യൻ ആക്രമണം നടന്നു. ജനവാസ മേഖലകളിലേക്കാണ് മിസെെലാക്രമണങ്ങൾ നടന്നെന്നും നിരവധി പേർ കൊല്ലപ്പെട്ടതായും നഗരത്തിന്റ മേയർ പറഞ്ഞു.
അതേസമയം യുക്രൈൻ തലസ്ഥാനമായ കീവിലേക്കുള്ള റഷ്യൻ നീക്കങ്ങൾ അയഞ്ഞതായാണ് നിലവിൽ ലഭിക്കുന്ന വിവരം. കീവിനെ വളയാനുള്ള റഷ്യൻ സൈനിക നീക്കമാണ് മന്ദഗതിയിലായത്. കീവിന്റെ വടക്കൻ അതിർത്തിയുള്ള വൻ റഷ്യൻ സൈനിക സന്നാഹം ഇവിടെ നിന്നും നീക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.