national
'ഇന്ന് ഉച്ചയ്ക്കും നവീന്‍ വിളിച്ചിരുന്നു, മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചു'; പിതാവിന്റെ പ്രതികരണം
യുക്രൈനില്‍ നിന്ന് മകന്‍ സുരക്ഷിതനായി തിരികെ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥി നവീന്റെ പിതാവ്. നവീന്‍ ഇന്നും ഫോണില്‍ വിളിച്ചിരുന്നെന്നും സുരക്ഷിതനാണെന്നാണ് ആ സമയത്ത് അറിയിച്ചതെന്നും നവീന്റെ പിതാവ് പറഞ്ഞു.''ഉച്ചയ്ക്ക് 12 മണിയോടെ നവീന്‍ ഫോണില്‍ വിളിച്ചിരുന്നു. ഉടന്‍ മടങ്ങിവരുമെന്നാണ് പറഞ്ഞത്. ആശങ്ക വേണ്ട, സുരക്ഷിതനാണെന്നുമാണ് അറിയിച്ചിരുന്നത്. അതിര്‍ത്തിയിലേക്ക് ഇന്ന് മടങ്ങുമെന്ന് അറിയിച്ചിരുന്നതാണ്. മകന്‍ സുരക്ഷിതനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു.''-പിതാവ് പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് നവീന്റെ മരണവിവരം വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഖാര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ് 21കാരനായ നവീന്‍.
''ഇന്ന് ഖാര്‍ക്കീവില്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു.''- ഇന്ത്യന്‍ വിദേശകാര്യവക്താവ് ട്വിറ്ററില്‍ കുറിച്ചു.
ഇത്രയും ദിവസം ഫോര്‍ത്ത് ഹോസ്റ്റല്‍ എന്ന സ്ഥലത്ത് നവീന്‍ കുമാര്‍ സുരക്ഷിതനായിരുന്നെന്നും ഭക്ഷണവും വെള്ളവും വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം നടന്നതെന്ന് സഹപാഠി പറഞ്ഞു.
യുക്രൈന്‍ സൈന്യം നിഷ്‌കര്‍ഷിച്ച സമയത്തായിരുന്നു നവീന്‍ പുറത്തിറങ്ങിയത്. ഇതിനിടെയാണ് റഷ്യയുടെ ഷെല്ലാക്രമണമുണ്ടായത്.
അതേസമയം, യുക്രൈയിന്‍- റഷ്യ പ്രതിനിധികളുടെ രണ്ടാം ഘട്ട സമാധാന ചര്‍ച്ച നാളെ നടക്കുമെന്നാണ് വിവരങ്ങള്‍. ബെലാറൂസ്- പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്. ആദ്യ റൗണ്ട് ചര്‍ച്ച ഇന്നലെ നടന്നിരുന്നു. സാമാധാനം ശ്രമത്തിനായി എന്ത് നടപടി വേണമെങ്കിലും കൈക്കൊളാമെന്നാണ് ചര്‍ച്ചയ്ക്ക് വേദിയാകുന്ന ബെലാറൂസ് കൈക്കൊണ്ടിരിക്കുന്ന നിലപാട്. യുക്രൈയിനെതിരെ ബെലാറൂസിന്റെ ഭാഗത്ത് നിന്നും ഒരാക്രമണം ഉണ്ടാകില്ലെന്ന ഉറപ്പു കൂടിയാണ് ബെലാറൂസ് നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സൈനിക പിന്‍മാറ്റമാണ് യുക്രൈയിന്‍ ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം.
യുക്രൈയിനിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി എംബസി
യുക്രൈന്‍ തലസ്ഥാന നഗരം ലക്ഷ്യമാക്കി റഷ്യയുടെ വന്‍ സൈനിക വ്യൂഹം നീങ്ങുന്നതിനിടെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി എംബസി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാന്‍ ഇന്ന് തന്നെ കീവ് വിടണമെന്നാണ് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. സാധ്യമായ വഴികള്‍ സ്വീകരിച്ച് കീവ് വിടണമെന്നാണ് ഇന്ത്യന്‍ എംബസി പൗരന്‍മാര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്.
ലഭ്യമായ ട്രെയിനുകളില്‍ കയറാന്‍ ശ്രമിക്കുക, മറ്റ് സാധ്യമായ വഴികള്‍ തേടുക. അടിയന്തിരമായി കീവ് വിടണം എന്നുമാണ് എംബസിയുടെ അറിയിപ്പ്. യുക്രൈനിലെ സാഹചര്യങ്ങള്‍ രൂക്ഷമാകുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ നിര്‍ദേശങ്ങള്‍.
അതേസമയം, യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഇന്ത്യന്‍ ദൗത്യമായ ഓപ്പറേഷന്‍ ഗംഗയില്‍ വ്യോമസേനയും ഭാഗമാകും. പ്രധാന മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. കേന്ദ്ര സര്‍ക്കാര്‍ മന്ത്രിമാരെ തന്നെ നിയോഗിച്ചാണ് യുക്രൈന്റെ അയല്‍രാജ്യങ്ങള്‍ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ ഗംഗ പദ്ധതി പുരോഗമിക്കുന്നത്. ഇതിനോടകം ഒമ്പത് വിമാനങ്ങളിലായി ആയിരത്തിലധികം പേരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു.
എംബസി അറിയിപ്പ് അനുസരിച്ച് നീങ്ങണമെന്ന് മുഖ്യമന്ത്രി
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടന്‍ കീവ് വിടണമെന്ന യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ് മലയാളികള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഭ്യമായ ട്രെയിന്‍ സര്‍വീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് നിര്‍ദേശം. ഈ അറിയിപ്പ് അനുസരിച്ച് നീങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.