Headlines
Loading...
വീട്ടമ്മയെ പിന്തുടർന്ന് റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് പിടിയിൽ

വീട്ടമ്മയെ പിന്തുടർന്ന് റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് പിടിയിൽ

പാലാ: പാലാ സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം ഒളശ്ശ വേലംകുളം രാഹുല്‍ രാജീവാണ് (21) പിടിയിലായത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴിന് കൊഴുവനാലിന് സമീപമാണ് സംഭവം. കോട്ടയത്ത് ബിസിനസ് നടത്തുന്ന വീട്ടമ്മയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രാഹുല്‍ ഗൂഗിള്‍പേ ചെയ്യാനെന്ന വ്യാജേന വീട്ടമ്മയുടെ ഫോണ്‍ നമ്പർ വാങ്ങി. തുടര്‍ന്ന് ഫോണ്‍ വിളിച്ച്‌ വീട്ടമ്മയുടെ വിവരങ്ങള്‍ തിരക്കി.
ചൊവ്വാഴ്ച വീട്ടമ്മ കയറിയ ബസിനെ രഹസ്യമായി രാഹുല്‍ പിന്തുടര്‍ന്നു. വീട്ടമ്മ ഇറങ്ങേണ്ട ബസ്സ്റ്റോപ്പിന് മുമ്പിൽ ഇറങ്ങിയ രാഹുല്‍ ജങ്ഷനില്‍ ഉണ്ടായിരുന്ന ഓട്ടോയില്‍ ബസിനെ പിന്തുടര്‍ന്നു. ബസിറങ്ങി ഇടവഴിയിലൂടെ വീട്ടിലേക്ക് പോയ വീട്ടമ്മയെ രാഹുല്‍ അടുത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.

വീട്ടമ്മ നിലവിളിച്ച്‌ ഭര്‍ത്താവിനെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങി. ഈ സമയം ഓടി രക്ഷപ്പെട്ട് റോഡില്‍ എത്തിയ വീട്ടമ്മയെ ആ വഴി പോയ ബൈക്ക് യാത്രക്കാരാണ് രക്ഷപ്പെടുത്തിയത്.

വീട്ടമ്മയില്‍നിന്ന് വിവരങ്ങള്‍ മനസ്സിലാക്കിയ ബൈക്കിലെത്തിയ യുവാക്കള്‍ റബ്ബര്‍ തോട്ടത്തില്‍ തിരഞ്ഞെങ്കിലും രാഹുല്‍ ഓടി രക്ഷപ്പെട്ടു.

സംഭവസ്ഥലത്തുനിന്ന് ഒരു കിലോമീറ്ററോളം ഓടി മറ്റൊരു റോഡില്‍ എത്തിയ പ്രതി ഓട്ടോയില്‍ കയറി അയര്‍ക്കുന്നത്തെത്തി. അവിടെ ബാറില്‍ കയറി മദ്യപിച്ചു. വീട്ടമ്മയുടെ ഫോണിന്റെ ലൊക്കേഷന്‍ മനസ്സിലാക്കി പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഫോണ്‍ ഓഫ് ചെയ്തു.

തന്റെ ഭാര്യ ഗര്‍ഭിണിയാണെന്നും ഗുരുതരാവസ്ഥയില്‍ ഹോസ്പിറ്റലില്‍ ആണെന്നും പറഞ്ഞ് ബാറില്‍ ഉണ്ടായിരുന്ന യുവാക്കളുടെ ബൈക്കില്‍ കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്തെത്തി രക്ഷപ്പെട്ടു. അവിടെനിന്നും നടന്ന് വെളുപ്പിന് വീട്ടിലെത്തുകയായിരുന്നു.

വീട്ടമ്മയുടെ ഫോണ്‍ നഷ്ടപ്പെട്ടതിനാല്‍ പ്രതിയെക്കുറിച്ച്‌ യാതൊരു വിവരവും പോലീസിന് ആദ്യം ലഭിച്ചിരുന്നില്ല. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോണ്‍ നമ്ബര്‍ മനസ്സിലാക്കി പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഒളശ്ശയിലുള്ള വീട്ടില്‍നിന്ന് പിടികൂടുകയായിരുന്നു. പ്രതിയുടെ വീട്ടില്‍നിന്ന് വീട്ടമ്മയുടെ ഫോണും ഊരിമാറ്റിയ നിലയില്‍ സിമ്മും കണ്ടെത്തി.