kerala
കൺസഷൻ നാണക്കേടല്ല അവകാശമാണ്; ആന്റണി രാജു മാപ്പു പറയണമെന്ന് എഐഎസ്എഫ്
തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുളള കൺസഷൻ നാണക്കേടാണെന്ന് പറഞ്ഞ ഗതാഗത മന്ത്രി ആന്റണി രാജു മാപ്പ് പറയണമെന്നാവശ്യവുമായി എഐഎസ്എഫ്. മന്ത്രിയുടെ പ്രസ്താവന വിദ്യാർത്ഥി വിരുദ്ധമാണ്. കേരളത്തിന് നാണക്കേടായ മന്ത്രി നിരുപാധികം മാപ്പ് പറയണമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത യാത്രാവകാശമാണ് വിദ്യാർത്ഥികൾക്ക് ബസുകളില്‍ കൺസഷൻ.
അതിനെ പരിഹസിച്ച മന്ത്രിയുടെ പ്രസ്താവന വിദ്യാർത്ഥി സമൂഹത്തെ അപമാനിക്കലാണ്. വിദ്യാർത്ഥി വിരുദ്ധമായ സമീപനത്തിൽ നിന്നും മന്ത്രി പിന്നോട്ട് പോവണമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി കബീറും സെക്രട്ടറി ജെ അരുൺ ബാബുവും ആവശ്യപ്പെട്ടു.
ബസ്സുകളിലെ കണ്‍സഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ നാണക്കേടാണെന്നായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പരാമർശം. പലരും അഞ്ച് രൂപ കൊടുത്തിട്ട് ബാക്കി വാങ്ങാറില്ല. വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ രണ്ട് രൂപ കൊടുത്തു പോവുകയെന്നത് നാണക്കേട് ഉണ്ടാക്കുന്നുണ്ട്. ബസ്സുടമകളുടെ വരുമാനം കുറയുന്നത് വിദ്യാര്‍ത്ഥികളുടെ കണ്‍സഷനിലുള്ള റേറ്റാണെന്നതില്‍ ന്യായമുണ്ടെന്നും, ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം ശരിയാണെന്നും മന്ത്രി പറഞ്ഞിരുന്നു.
നിരക്ക് വര്‍ധന നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. ബസ് ചാര്‍ജ് വര്‍ധന ഗൗരവമായ കാര്യമായതിനാല്‍ എടുത്ത് ചാടിയുള്ള തീരുമാനം പ്രായോഗികമല്ല. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണിക്കും. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിച്ചത് 10 വര്‍ഷം മുമ്പാണെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.