national
വേണ്ടത് 19,128 ക്ലാസ്മുറികള്‍, പണിയാനായത് 2714 മാത്രം; മൂന്ന് ജില്ലകളില്‍ പുതുതായി ഒരു ക്ലാസ് മുറി പോലും നിര്‍മ്മിച്ചില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍
ഗാന്ധിനഗർ: ഗുജറാത്തില്‍ ആകെ പണികഴിക്കേണ്ട 19,128 ക്ലാസ് മുറികളില്‍ 14 ശതമാനം ക്ലാസുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍. ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ വിദ്യാഭ്യാസ മന്ത്രി ജിതു വഗാനിയാണ് ഇക്കാര്യ അറിയിച്ചത്. സംസ്ഥാനത്തെ വിവിധ സ്‌കുളുകളിലേക്കായി 19,128 ക്ലാസ് മുറികള്‍ വേണമെന്നിരിക്കെ, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 2,714 എണ്ണം മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് നിര്‍മ്മിക്കാനായതെന്ന് അദ്ദേഹം സഭയെ അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ പ്രൈമറി സ്‌കൂളുകളില്‍ ക്ലാസ് മുറികളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് കോണ്‍ഗ്രസ് നിയമസഭയില്‍ ആവര്‍ത്തിച്ചു. 2015-ല്‍ ആകെ 8,388 ക്ലാസ് മുറികളായിരുന്നു ആവശ്യം. 2018 ലെ കണക്കനുസരിച്ച് അവ 16,008 ആയി ഉയര്‍ന്നു. 2021-ല്‍ അത് 18,537 ക്ലാസ് മുറികള്‍ എന്ന ആവശ്യത്തില്‍ എത്തി. 2022-ല്‍ ആകെ 19,128 ക്ലാസ് മുറികള്‍ വേണമെന്നിരിക്കെ രണ്ട് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രൈമറി വിഭാഗത്തിനായി 2,714 ക്ലാസ് മുറികള്‍ മാത്രമാണ് സര്‍ക്കാരിന് നിര്‍മ്മിക്കാനായത്.
ഡാങ്സ്, നര്‍മദ, താപി ജില്ലകളില്‍ 154, 183, 162 ക്ലാസുകള്‍ വേണമെന്നിരിക്കെ ഒന്നുപോലും ഇതേവരെ നിര്‍മ്മിക്കാനായിട്ടില്ല. 2019-20ല്‍ ഗിര്‍- സോമനാഥില്‍ 188 ക്ലാസ് മുറികള്‍ വേണമെന്നിരിക്കെ നാല് ക്ലാസ് മുറികള്‍ നിര്‍മ്മിച്ചത് എന്നതും ശ്രദ്ധേയമാണ്. ദഹോദ് ജില്ലയില്‍ 1,677 ക്ലാസ് മുറികള്‍ എന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്. അവിടെ 66 എണ്ണം മാത്രമേ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുള്ളുവെന്നതും വിമർശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
അതേസമയം, പ്രൈമറി സ്‌കൂളുകളിലെ വൈദ്യുതി, കോമ്പൗണ്ട് ഭിത്തി തുടങ്ങിയ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കും ജിതു വഗാനി മറുപടി നല്‍കി. ആകെ 23 സ്‌കൂളുകളില്‍ വൈദ്യുതി വിതരണം പൂര്‍ത്തിയാക്കി. സംസ്ഥാന വ്യാപകമായി 5,439 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളിലും 272 സ്വകാര്യ പ്രൈമറി സ്‌കൂളുകളിലും കോമ്പൗണ്ട് ഭിത്തി കെട്ടിപ്പടുത്തതായും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.