Headlines
Loading...
വാരാന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ആലോചനയില്‍; നാളെ കൊവിഡ് അവലോകന യോഗം

വാരാന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ആലോചനയില്‍; നാളെ കൊവിഡ് അവലോകന യോഗം

സംസ്ഥാനത്ത് കൊവിഡ് നിരക്കും ഒമിക്രോണ്‍ നിരക്കും വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ അവലോകന യോഗം ചേരും. വാരാന്ത്യ നിയന്ത്രണമുള്‍പ്പെടെ ഏര്‍പ്പെടുത്തുന്നത് യോഗത്തില്‍ പരിഗണിക്കുമെന്നാണ് വിവരം. സ്‌കൂളുകളുടേയും ഓഫീസുകളുടേയും പ്രവര്‍ത്തനത്തിലടക്കം നിയന്ത്രണം വേണമെന്ന ആവശ്യം ഉദ്യോഗസ്ഥതലത്തില്‍ ഉയര്‍ന്നിരുന്നു.

സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഇന്ന് 11ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തും. അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കിയാല്‍ സ്‌കൂളുകള്‍ അടയ്ക്കുന്ന കാര്യം ആലോചിക്കും. പരീക്ഷ നടത്തിപ്പും,സ്‌കൂളുകളുടെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊവിഡ് അവലോകന യോഗം അവസാനം ചേര്‍ന്നത്. സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി ചുരുക്കിയുളള നിയന്ത്രണം മാത്രമാണ് അന്ന് ഏര്‍പ്പെടുത്തിയത്. 

തിരുവനന്തപുരത്തേയും എറണാകുളത്തേയും സാഹചര്യം ഗുരുതരമാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലും എൻജിനീയറിങ് കോളജിലും പുതിയ കോവിഡ് കസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ട്. പത്തനംതിട്ടയില്‍ കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതും അടുത്ത രണ്ടാഴ്ച മുഖ്യമന്ത്രി സ്ഥലത്ത് ഇല്ലാത്തതും അവലോകന യോഗം ചേരാന്‍ കാരണമായിട്ടുണ്ട്. കേരളത്തില്‍ ഇന്നലെ 12,742 പേർക്കാണ് രോഗം സ്ഥികരീകരിച്ചത്. ഇന്നലെ 17.05 ആയിരുന്നു ടിപിആര്‍.