Headlines
Loading...
അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും

അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും

ന്യൂഡല്‍ഹി: കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 13 പേര്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

സുലൂരില്‍ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡല്‍ഹി പാലം വിമാനത്താവളത്തില്‍ മൃതദേഹങ്ങള്‍ എത്തിച്ചതിന് പിന്നാലെയാണ് അദ്ദേഹം അന്ത്യാഞ്ജലി നല്‍കിയത്. വ്യോമതാവളത്തിലെ ടെക്നിക്കല്‍ ഏരിയയിലേക്ക് മൃതദേഹങ്ങള്‍ മാറ്റിയ ശേഷമാണ് അന്തിമോപചാര ചടങ്ങുകള്‍ ആരംഭിച്ചത്.

9.05ന് ആദരമര്‍പ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രി നേരത്തെ എത്തി അന്തിമോപചാ​രം അര്‍പ്പിക്കുകയായിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങും മരിച്ചവര്‍ക്ക് ആ​ദരം അര്‍പ്പിച്ചു. 13 മൃതദേഹങ്ങളിലും അന്തിമോപചാരം അര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി ബിപിന്‍ റാവത്തിന്റെ കുടുംബാം​ഗങ്ങളെ ആശ്വസിപ്പിച്ചു.

ബിപിന്‍ റാവത്ത്, റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ പരിശോധനയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റും. തിരിച്ചറിയല്‍ പരിശോധന കഴിഞ്ഞതിന് ശേഷമായിരിക്കും മൃതദേഹങ്ങള്‍ വിട്ടു നല്‍കുക.

ജനറല്‍ ബിപിന്‍ റാവത്ത്, റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡര്‍ എന്നിവരുടെ സംസ്കാര ചടങ്ങുകള്‍ ഡല്‍ഹി കന്റോണ്‍മെന്റിലാണ്‌ നടക്കുക. വെള്ളിയാഴ്ച രാവിലെ ജനറല്‍ ബിപിന്‍ റാവത്തിന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമായിരിക്കും സംസ്കാര ചടങ്ങ്. പ്രധാനമന്ത്രിയും സംസ്കാര ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.