Headlines
Loading...
'കഴിഞ്ഞ രണ്ടര വര്‍ഷമായി ഞാനിത് വേദനയോടെ കാണുന്നു'; ഇനിയും പറ്റില്ലെന്ന് ഗവര്‍ണര്‍

'കഴിഞ്ഞ രണ്ടര വര്‍ഷമായി ഞാനിത് വേദനയോടെ കാണുന്നു'; ഇനിയും പറ്റില്ലെന്ന് ഗവര്‍ണര്‍

ചാന്‍സലര്‍ പദവി ഒഴിയുകയാണെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവില്ലെന്ന് ഉറപ്പ് ലഭിച്ചാല്‍ നിലപാട് മാറ്റാം. അല്ലാത്ത പക്ഷം മുഖ്യമന്ത്രി ചാന്‍സലര്‍ പദവി ഏറ്റെടുക്കുന്നതാണ് നല്ലത്. ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തന്റെ ആവശ്യത്തോട് പ്രതികരണമുണ്ടായിട്ടില്ല.
'യൂണിവേഴ്‌സിറ്റി അധികാരം വിട്ടൊഴിയാന്‍ താന്‍ തയ്യാറാണ്. അവരാണ് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍. ഞാനല്ല. സര്‍വകലാശാലകള്‍ സര്‍ക്കാര്‍ വകുപ്പുകളാവില്ലെന്ന് ഉറപ്പു വരുത്താനും സ്വയം ഭരണം സംക്ഷിക്കാനുമാണ് ഗവര്‍ണര്‍മാരെ നിയോഗിക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ഞാനിത് വലിയ വേദനയോടെ കണ്ടു കൊണ്ടിരിക്കുകയാണ്. സര്‍വകലാശാലകളില്‍ ആരെ വേണെങ്കിലും നിയമിക്കുന്നു. ഇതൊക്കെയാണ് നിങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്നെങ്കില്‍ സ്വയം ചെയ്യൂ. എന്നെ അതിനായി ഉപയോഗിക്കരുത്,' ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'മുഖ്യമന്ത്രി ചാന്‍സലര്‍ ആവുകയെന്നതാണ് പരിഹാരം. എന്നിട്ട് നേരിട്ടിവ ചെയ്യൂ. സര്‍വകലാശാകളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവില്ലെന്ന പൂര്‍ണ ഉറപ്പ് ലഭിച്ചില്ലെങ്കില്‍ എന്റെ തീരുമാനം പുനപരിശോധിക്കില്ല', ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരുമായി പ്രശ്‌നമുണ്ടാക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. അതിനാലാണ് ചാന്‍സലര്‍ സ്ഥാനം ഉപേക്ഷിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് കേരളത്തിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സർക്കാരിന് കത്ത് നൽകിയത്. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്ന് ഗവര്‍ണർ ആരോപിക്കുന്നു.

ബന്ധുനിയമനം, രാഷ്ട്രീയ ഇടപെടല്‍ എന്നിവ ആരോപിച്ച് മാധ്യമങ്ങൾക്ക് മുന്നിലും ഇന്നലെ ​ഗവർണർ തുറന്നടിച്ചു. തന്റെ കൈകെട്ടിയിട്ടിരിക്കുകയാണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ രാഷ്ട്രീയം ഇടപെടലുകള്‍ ശക്തമാണ്. സര്‍വകലാശാലയിലെ സംഭവ വികാസങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇതിന് അനുമതി നല്‍കേണ്ടി വരുന്നത് വിഷമം ഉണ്ടാക്കുന്നു. സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ സ്വജന പക്ഷപാതം വ്യക്തമാണ്. തന്റെ സര്‍ക്കാറിനോട് ഏറ്റുമുട്ടല്‍ വേണ്ടെന്ന് കരുതിയാണ് ഇത്രയും കാലം മൗനം പാലിച്ചത്. ഇനി അത് തുടരാന്‍ ആവില്ലെന്ന് കണ്ടെന്നാണ് ഇത്തരം ഒരു നിലപാട് സ്വീകരിക്കേണ്ടിവന്നത് എന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു.